Monday, February 22, 2010

സമാധാനത്തിനു വേണ്ടി ചോരചിന്തണം ....


ചോര ചിന്തണം
നിരപരാധികളുടെ
നിലവിളികള്‍
ഉയരണം
കുരുന്നുകളെ
ബോംബിട്ടു
കരിയ്ക്കണം....
വാരിയെല്ലുകള്‍
തെളിഞ്ഞ
നെഞ്ചിന്‍ കൂടുകള്‍
ചവിട്ടിയൊടിക്കണം
ശവങ്ങളില്‍
ചവിട്ടിനിന്നു
കാമറാ ഫ്ലാഷുകള്‍ക്ക്
ഇടയിലൂടെ
വിജയചിഹ്നം
കാട്ടണം

സംസ്കാരങ്ങള്‍
തച്ചുടയ്ക്കണം
ഭരണം
അട്ടിമറിയ്ക്കണം

ആയുധങ്ങള്‍
പരീക്ഷിക്കണം
ഗര്‍ഭപാത്രത്തിലേക്ക്,
തലമുറകളുടെ
ആയുസ്സിലേക്ക്
അവ ലക്‌ഷ്യം വെക്കണം

കമ്പോളത്തിലെ
നേതാവാകണം
ആജ്ഞാനുവര്‍ത്തികള്‍
റാന്‍മൂളി നില്‍ക്കണം

ഒരു ലോകം
ഒരു അഭിപ്രായം

അതിനു
എന്തുവില കൊടുത്തും
ഈ യുദ്ധം ജയിക്കണം

ഭീകരതയ്ക്കെതിരായ
യുദ്ധം....

Saturday, February 20, 2010

കാട്ടുകല്ലുകള്‍


മതം..
ആത്മാവ് തേടിയുള്ള
യാത്രയില്‍
എന്റെ കാലില്‍ തട്ടിയ
കാട്ടുകല്ല് ....

ആഘാതത്തില്‍
നഖം ഇളകി..
ഒരു ചോദ്യ ചിഹ്നം പോലെ
നിവരുന്നു
എന്റെ നേര്‍ക്ക്‌..

മുറിപ്പാടില്‍ ഇളംകാറ്റു
തഴുകുമ്പോള്‍
നീറ്റല്‍ പോലെ
എന്തോ ഒന്ന് ....

നിണമണിഞ്ഞ
പാദങ്ങള്‍
കാട്ടുകല്ലില്‍ നിന്നും
അകലാന്‍ വെമ്പുന്നു

ഉപരിതലത്തിലെ
സുഷിരങ്ങളില്‍
മണ്ണ് കയറി
പായല്‍ പിടിച്ചു
വഴുക്കലുള്ള
കാട്ടുകല്ല്‌

കൊടുങ്കാറ്റിലും
അനങ്ങാതെ
കാത്തിരിയ്ക്കുന്നു
നഖങ്ങളെ
മാംസത്തില്‍ നിന്നു
വേര്‍പെടുത്താന്‍ ...

ഈ യാത്ര
തുടരാന്‍
ആവുന്നില്ല
പേടിയാണെനിക്ക്

വഴിമുടക്കി
കാട്ടുകല്ലുകള്‍
ഇനിയും
കണ്ടേക്കാം....

എന്‍റെ പെങ്ങള്‍


ഒരു ഗര്‍ഭാശയത്തില്‍ നിന്നു
പുറത്തിറങ്ങിയോര്‍ ഞങ്ങള്‍
ഒന്നിച്ചു പാട്ടും പാടി
തൊടികളിലോടിച്ചാടി
ശലഭത്തെ പിടിയ്ക്കുവാന്‍
അലഞ്ഞിരുന്നു പണ്ട്

ഇന്നലെയവളെന്നോട്
പിണങ്ങി പിരിഞ്ഞു പോയ്‌
രക്തം രക്തത്തെ വെറുത്തു
മാംസം മാംസത്തെയും.

സ്നേഹം പിഞ്ചി പഴകിയ
തോര്‍ത്തു മുണ്ടാണ്
ഇഴകള്‍ അകന്ന്‌
തുള വീണ തോര്‍ത്തുമുണ്ട്.

ആ ഓട്ടയില്‍ കൂടി
നോക്കിയപ്പോള്‍
അവള്‍ എന്നോട്പറഞ്ഞു
ഇനിയെന്നുമെന്നെ
പെങ്ങളെ എന്ന് വിളിച്ചോളൂ........

പണ്ട് മുതല്‍ അവളെ ഞാന്‍
"സഖാവ് " എന്നാണു വിളിച്ചിരുന്നത്‌
എന്‍റെ ഹൃദയത്തേനില്‍
മുക്കിയെടുത്ത വാക്ക്
"സഖാവ്"

ഇന്നവള്‍ കമ്മ്യുണിസ്റ്റ്
അല്ലത്രേ...

പൂ വാലന്റെയിന്‍ (അഥവാ പരീക്കുട്ടി)

ഹല്ലോ .....
റോസ്
ലവ് യു ഡാ....
ഒത്തിരി നേരമായ് നിന്നെ ട്രൈ ചെയ്യുന്നു
എന്താ നീ ഇത്ര ബിസ്സി
ഇന്ന് ഫെബ്രുവരി പതിനാലാ....
നമ്മുടെ സ്നേഹത്തിന്റെ
ആഘോഷം...
ഇന്ന് എനിക്ക് നിന്നെ
ഒത്തിരി നേരം കെട്ടിപ്പിടിച്ചു ഇരിയ്ക്കണം...
കടല്‍ക്കരയില്‍ ഇരുന്നു സ്വപ്നം കാണണം...
നിനക്ക് അറിയാമോ മോളു....
എന്നും ഉറങ്ങുന്നതിനു മുന്‍പ്
നിന്‍റെ ഫോട്ടോയില്‍ ഉമ്മ കൊടുത്താലേ
എനിക്ക് സമാധാനം കിട്ടത്തൊള്ളൂ....
നീയില്ലാതെ ഞാന്‍ ജീവിക്കില്ല
സത്യം
പറ മോളു ഇന്ന് എവിടെയാ നമ്മള്‍ പോകുന്നത് ....
ബീച്ചില്‍...,പാര്ക്കില് ....കോഫീ ഷോപ്പില്
പറയ് കുട്ടാ...നിന്‍റെ ഇഷ്ടം....

സോറി എനിക്ക് ഇഷ്ടല്ല നിന്‍റെയീ പാര്‍ക്കും ബീച്ചും ഒന്നും
ചീപ്.. വെരി ചീപ് ...
എനിക്ക് വേറെ ഒത്തിരി ഓഫര്‍ വന്നിട്ടുണ്ട്...
മനു വിളിച്ചു താജില്‍ ആഘോഷിക്കാന്ന്.....
അവിടെ ഡാന്‍സും ഷാമ്പെയിനും ഒക്കെ ഉണ്ടത്രേ ...
അടിച്ചു പൊളിയ്ക്കാം
ഡാ മനു പറയുവാ എന്റെ കണ്ണില്‍ നോക്കിയിരിയ്ക്കാന്‍ നല്ല രസ്സാന്നു
നിനക്ക് വിഷമം തോന്നരുത് ...
എന്റെ സങ്കല്‍പ്പവുമായി നീ പൊരുത്തപ്പെടുന്നില്ല
രണ്ടു വര്‍ഷമായില്ലേ...നമ്മള്‍ ഇപ്പോള്‍...
നമുക്ക് പിരിയാം
എന്നെ നീ ഒരു സഹോദരിയായി കാണണം..
നിനക്ക് എന്നോട് പിണക്കമില്ലല്ലോ ..
ഇന്ന് ഞങ്ങള്‍ നിനക്ക് വേണ്ടി ഷാമ്പയിന്‍ പൊട്ടിയ്ക്കാം
ഒക്കെ....ഡാ...ഗുഡ് ബൈ.....