Thursday, February 4, 2016

സോഷ്യലിസ്റ്റ്


ചാട്ടവാൽ മാംസം
പിളർത്തി രക്തവഴികൾ...
നിർമ്മിക്കുന്നു...
നീതിപാലകരുടെ
ആക്ഷേപവചനങ്ങൾക്കുമപ്പുറം
ഹൃദയംനുറുങ്ങിയ
ജനതയുടെവിലാപങ്ങൾ
ചെവിയിലലയുതിർക്കുന്നു..
ഖനമേറിയമരത്താൽ
മുതുകിനായാസമുണ്ടാകിലും
വിശ്വാസതീഷ്ണമാം
നയനങ്ങൾ പലവുരുപറയുന്നു...
മരണത്തിനപ്പുറം
നിത്യവിഹായസ്സിലേക്ക്
സ്വയമെരിഞ്ഞ് പ്രകാശമായവൻ...
ഇവനനീതിയെ, കാടത്തത്തെത്തകർക്കാനു
-യിർത്തവീര പോരാളി...
മാമൂലുകളെപിഴുതെറിഞ്ഞ നിഷേധി...
അധർമ്മത്തിലുയിർത്ത സാമ്രാജ്യത്തി-
ന്നടിത്തറയിളക്കിയ വിപ്ലവസൂര്യൻ... കാലാതീതതപ്രകാശമായവൻ
രോഗിക്കു സൗഖ്യവും
പാപിക്കു മോചനവും ദുഃഖിതര്‍ക്കാശ്വാസവും
അശരണര്‍ക്കു പ്രത്യാശയുമേകി
സ്വയംമുറിഞ്ഞ് ഭക്ഷണമായവൻ
മനുഷ്യനെതിരിച്ചറിഞ്ഞ
മാനവീകതയുടെപ്രവാചകൻ
വിശേഷണങ്ങള്‍ക്കതീതനായവന്‍
ഒരു പേരും പൂര്‍ണമല്ലനിനക്കൊരു വിശേഷണവും പര്യാപ്‌തവുമല്ല.
ഓരോ പേരും ഓരോ വിശേഷണവും
നിൻറെയോരോ വശം മാത്രം വെളിപ്പെടുത്തുന്നു...

ദൈവമായ്ശക്തിയായ്,
സാന്ത്വനാഹ്വാനമായി,
വെല്ലുവിളിയായി, ദൗത്യമായി
എന്നുള്ളിൽ നിറയുന്ന സ്നേഹഗുരോ
നീയല്ലാതാരാണുലകിലെയാദ്യ സോഷ്യലിസ്റ്റ്...?

ശിശുക്കളോട് പറയുവാനുള്ളത്...


മക്കളേ...
അമ്മയുണ്ടാവുമല്ലോ...
വീട്ടിൽ....?
നീരാട്ടി മുടിചീകീ
മുഖമൊരുക്കി
ചൂടുചോറുപാത്രം
ബാഗിലാക്കി
മൂർദ്ധാവിൽ
സ്നേഹംമണക്കുന്ന
ഉമ്മയേകി....
യാത്രയാക്കുന്ന
പൊന്നമ്മച്ചി....

കാർക്കശ്യം
പൂശിയ
വാൽസല്യരൂപമായ
അച്ഛനും...
പിഞ്ചിളംമേനിയിലെ
കുത്തിവെയ്പ്പുപോലും
അമ്മയുടെ ചങ്കിൽ
കഠാരിയാഴ്തും പോലെയാണ്
മക്കൾക്കുവേണ്ടിയാണ്
ഓരോ മാതാപിതാക്കളും
ജീവിക്കുന്നത്...
സ്വയം ചിന്തിക്കാറാവുമ്പോൾ
അച്ഛനുമമ്മയുമധികപ്പറ്റാവുമോ...
നന്മയാമമ്മയെ
നടതള്ളി മാറ്റുമോ....
മക്കളേയെന്ന്
തപിക്കുന്ന നെഞ്ചകം
സ്വാർത്ഥ ലാഭങ്ങൾക്ക്
പണയപ്പെടുത്തീടുമോ....
മക്കളേ...
മറക്കരുത്
കാലം
കറങ്ങി
വരുമെന്ന
സത്യം...
നിങ്ങൾക്കായും
കാത്തിരിപ്പുണ്ടാകാം
ഇരുമ്പ്കട്ടിലിനുമീതേയൊരു
മൂട്ടയാർക്കുന്ന
ചകിരിക്കിടക്കയും
സ്വന്തം
പേരെഴുതിയൊരു
സ്റ്റീൽ പാത്രവും
തംബ്ലാറും...
മുഷിഞ്ഞുവിണ്ട
ചുമരും നോക്കി
തകർന്നിരിക്കുന്നൊരു
മനസ്സും.....
ഈശ്വരൻ
കാക്കട്ടെ...
ശുഭശിശുദിനം....

ഓര്‍മ്മയുടെ മരണം

ആരാ...
ആരാ..
മനസിലായില്ല....
ആയിരമഗ്നി പർവ്വതങ്ങൾ...
ഉള്ളിലൊന്നിച്ചു പൊട്ടി...

വിളിച്ചുണർത്തി
കാച്ചെണ്ണയുച്ചിയിൽ തിരുമ്മി
കുളിരുള്ള വെള്ളത്തിൽ
കുളിപ്പിച്ച അമ്മ...
മടിയിൽ കിടത്തി
മുടിയിൽ തലോടി...
പൊന്നുകൊണ്ടുപോയ
ജിന്നിൻറെ കിസ്സ പറഞുതന്ന
അമ്മ...
പെൺമക്കൾക്കുള്ളതിനേക്കാൾ
ഇത്തിരിക്കൂടുതൽ
രുചിയാർന്ന ഭക്ഷണമെനിക്കായ്
കരുതിയ അമ്മ...
കുരുത്തക്കേടിന്
ഉപ്പയെന്നെത്തല്ലുമ്പോൾ
ഇടക്കുകയറി
അവയെല്ലാമേറ്റു വാങ്ങിയ അമ്മ...
അമ്മയുടെ പൊന്നു മകനെ
അപരിചിതനെപ്പോലെ നോക്കുന്ന
മുന്നിലുണ്ടായിട്ടും
തിരിച്ചറിയാൻ കഴിയാതെ
ചിതലരിച്ച് ദ്രവിച്ച
ഓർമ്മകളുമായി...
എൻറെയമ്മ...
മറവിയുടെ ലോകം
വിശാലമാണ്....
ആരെയും തിരിച്ചറിയാനാവാതെ
സ്വന്തം ലോകത്തില്‍
പരിചിതരും അപരിചിതരായി
എല്ലാത്തിനും പുതുമ ഉള്‍ക്കൊണ്ട്‌
ഒരു കുഞ്ഞു പൈതലിന്റെ
മനസ്സോടെ നടക്കുക..
ഓര്‍മ്മകളുടെ കൈപ്പിടിയില്‍
വീഴാതെ......
എനിക്ക് വയ്യ...
ഇങ്ങനെ കരയാൻ...
എനിക്കും കൂടി
മറവിയൊരനുഗ്രഹമായി
ദെെവമേ നീ....
തന്നെങ്കിൽ....

സദാ "ചാരം"


പട്ടികളെ
കെട്ടിത്തൂക്കിയ...
പടമിട്ട്
ലോകാ
സമസ്താ
സുഖിനോ
ഭവന്തൂന്ന്
ഫീലിംഗുമിട്ടു...

കയറിൽ
തൂങ്ങി
മരക്കൊമ്പിലാടുന്ന
പട്ടിപ്പിണം
പടത്തിന്
കിട്ടിയ
ലെെക്ക്
ഓരോമിനുട്ടിലും
നോക്കി
തൃപ്തി
വരുത്തി....
ചുംബന
സമരനായകൻ
ഭാര്യയെ
വിറ്റുവത്രേ...
നാലുവാക്കെഴുതണം...
പോസ്റ്റിട്ടു...
"ഈ ചെറ്റയുടെ
കരണത്തടിക്കണമെന്ന്
ആഗ്രഹമുള്ളവർ മാത്രം
ലെെക്ക് ചെയ്യുക"
കിടിലം...
ഒരഞ്ഞുറ്
ലെെക്ക്
മിനിമം കിട്ടും
അത്രയുമാശ്വാസം...
ഹോ....
പന്ത്രണ്ടു
മണിവരെ
ഓൺലെെനിൽ
ഇരുന്ന്
സമയം
കളയണം
എന്നിട്ട്
വേണം
അപ്രത്തെ
ചേച്ചീടെ
വീടിൻറെ
മതിലു
ചാടാൻ...
പന്ത്രണ്ടു
മണിവരെ
അവൾടെ
കെട്ട്യോൻ
ഗൾഫിൽ
നിന്നും
ചാറ്റ്
ചെയ്യുമത്രേ...
ചാറ്റ്
ചെയ്ത്
കഴിഞ്ഞാൽ
ചേച്ചീ
ടോർച്ച്
മൂന്നുവട്ടം
മിന്നിക്കും...
അപ്പോൾ
തന്നെ
പോകണം...
ഒരു
നശിച്ച
പട്ടിയുണ്ട്
അവിടെ
കഴിഞ്ഞ
ആഴ്ച
ബർമുഡായ്ക്കാണ്
കടി കിട്ടിയത്...
എപ്പഴും
ഭാഗ്യം
കൂടെയുണ്ടാവില്ല...
ആ നശിച്ച
പട്ടിയെ കൊല്ലണം...
കാഞ്ഞിരക്കുരു
ഇറച്ചിയിൽ
ചേർത്ത്
കൊടുത്ത്
കൊല്ലണം...
ആഹഹ....
അതാ
ടോർച്ച്
കത്തുന്നു...
പോയേക്കാം....

മർദ്ദിതൻറെ കാലം


നിലമൊരുക്കി...
തടമിളക്കി
നട്ടു നനച്ച്
പൂവ്കായ്ക്കുമ്പോഴൊരു
സന്തോഷമാണ്...

ആദ്യപടല
മൂത്തമോൻ
ചേന്നന്...
താഴേക്ക്
താഴേക്ക്
ഉൗഴമിട്ടൂഴമിട്ട്
കാളിയും
വെളുമ്പിയും
ഒടുക്കത്തേത്
പൊന്നരുമ
തിരുതയ്ക്കും...
കൊലവെളഞ്ഞ്
വെളഞ്ഞങ്ങനെ
മുഴുത്തുവരുമ്പോഴൊരു
ആഞ്ഞിലിക്കമ്പിനൊത
കൊടുക്കണം....
സ്വപ്നവുംകണ്ട്
കിഴക്കേഅയ്യത്ത്
വെളിക്കിരിക്കുമ്പോഴാണ്
തമ്പ്രാൻറെ കാര്യസ്ഥൻ
വന്ന് കയ്യൂക്ക് കാണിച്ചത്...
വെട്ടോത്തിക്ക്
ആഞ്ഞോങ്ങിയൊരുവെട്ട്...
കൊലയെടുത്ത്
തോളേലിട്ട
കാര്യക്കാരൻ
ആയാസപ്പെട്ടത്
കൊണ്ട്വോകുന്നതുകണ്ട്
നിസംഗനായി
ഇന്നുമതേയിരിപ്പാണ്...
കടിച്ചീമ്പി മരത്തേൽ
കെട്ടിത്തൂക്കിയാലും
പച്ചയ്ക്ക് കൊളുത്തി
ചലിക്കുന്ന തീപ്പന്തമാക്കിയാലും
ഉടുതുണിയുരിഞ്ഞെറിഞ്ഞ്
തെരുവിൽ കൊണ്ടോയി
നിരത്തിയാലും
ഞങ്ങടെ പിഞ്ചുകളെ
കൊന്നാലും
തിന്നാലും
ഇന്നുമതേയിരിപ്പാണ്...
നിസംഗനായി...
നിസംഗതയൊരു
മഹാവാൽമീകമാണ്
സങ്കടങ്ങളമർഷങ്ങൾ
അവഗണനകൾ തിക്കിത്തിരക്കി
മർദ്ദമേറിയ വാൽമീകം...
പുറന്തോടുപൊട്ടി
ചിതറിയാലന്നൊടുങ്ങും
സവർണ്ണസ്ഫടിക
ഹർമ്മ്യങ്ങളൊക്കെയും...
കാത്തിരിക്കാം മർദ്ദിതൻറെ
അവസാനകുതറിപ്പിടച്ചിലീന്
കാലം കുറിച്ച മുഹുർത്തത്തിനായ്...

പാഴ്മരങ്ങളുണ്ടാകുന്നത്


മൂർദ്ധാവിലൂടെയരിച്ചിറങ്ങി
താഴേക്കുനിളൂന്ന...
അധരക്രിയകളിൽ നിന്നും
കരിനാഗങ്ങളെപ്പോൽ
കെട്ടുപിണഞ്ഞ്
മുല്ലവള്ളിപോൽ
പടർന്നുകയറി
രതിഗിരികൾ
കിതച്ചോടിക്കീഴടക്കി
വിയർപ്പാറ്റിത്തളരുമ്പോൾ
ഹൃദയങ്ങളിൽ നിന്നും
വളരെയകലെ
മുളച്ചുപൊന്തുന്നുണ്ടൊരു
പാഴ്മരം

പാഴ്മരമെന്നുമങ്ങനെയാണ്
അനുവാദമില്ലാതെ
മണ്ണറിയാതെ
വെയിലെടുത്ത്
ജലമെടുത്ത്
വളരുന്നൊരു
നിഷേധി...
ലക്ഷങ്ങൾ
കിട്ടുന്ന കണ്ണായ സ്ഥലത്ത്
പാഴ്മരമൊരു
ബാധ്യതയാണ്...
പരിഹാരമൊന്നു മാത്രം
കടയോടെ വെട്ടുക
കനിവില്ലാതെറിയുക
ചിലപ്പോളെവിടെങ്കിലും
കിടന്ന് വളർന്നേക്കാം

പ്രിയപ്പെട്ട സുബിനേഷ്


പാതിരാവിലും
കണ്ണിമചിമ്മാതെ...
ബെെനോക്കുലറിലൂടെ
ഒരിലയനക്കംപോലും
നിരീക്ഷിച്ച്
കാലൊച്ചകൾക്കായ്
കാതുകൂർപ്പിച്ച്
തോക്കിൻറെ
കാഞ്ചിയിൽ
വിരലമർത്തി
തേളും
പാമ്പും
പഴുതാരയുമുള്ളയിടങ്ങളിൽ
കാവലുള്ളതിനാലാണ്

ഞങ്ങളിവിടെ....
ഉൽസവം
കൂടുന്നതും
സമര ഹർത്താൽ
പ്രക്ഷോഭങ്ങൾ
പിന്നെ
രാഷ്ട്രീയക്കൊലകളും
അഴിമതി കരിങ്കാലി
വർഗ്ഗ വർണ്ണ പ്രീണന
പൊറാട്ടു നാടകങ്ങളും
നടത്തുന്നത്....
നിങ്ങളൊന്നു
കണ്ണടച്ചാൽ
ആ പഴുതിലൂടെ
ചോരയിറ്റും
കൂർത്ത പല്ലുകളുള്ള
പേപിടിച്ച പട്ടികൾ
കയറി വരുമെന്നറിയാഞ്ഞിട്ടല്ല...
യാതനകളിലെ ഇടവേളകളിൽ
വീടുകാണാനെത്തുന്ന
നിന്നെയും കാത്തൊരമ്മയവിടെ
ഇരിക്കുന്നുണ്ടാവും
ആയിരക്കണക്കിന്
അമ്മമാർക്കു വേണ്ടിയാണ്
നീ... ബലിയായത്...
ചോരവാർന്നു വാർന്ന്
നിന്നിൽനിന്ന് പ്രാണൻ
ചിറകടിച്ചുയരുമ്പോഴും
പ്രിയപ്പെട്ട സുബിനേഷ്
നീ സ്വർഗ്ഗത്തുനിന്നും
ജാഗ്രതയോടെ
നാടിനെ
നോക്കി നിൽക്കുന്നുണ്ടാവും
പഴയതുപോലെ...
വിശ്രമമില്ലാതെ...
പ്രിയപ്പെട്ട സുബിനേഷ്....
മറക്കില്ല നാടിൻറെ
രക്തസാക്ഷി മക്കളെ...
മറക്കില്ല വീറുള്ള
ചാട്ടുളിക്കരുത്തരെ...
മറക്കില്ല പ്രാണനെ
ബലിനൽകും വീരരെ...
മറക്കില്ല മണ്ണിന്നു
കാവലേകും നിങ്ങളെ...