Tuesday, January 19, 2010

എന്നാലും എന്‍റെ സാറേ......!!!!!!!!!!!!

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലാണ്‌ ഞാന്‍ ഒരു പാരലല്‍ കോളേജില്‍ ട്യൂഷന് പോകുന്നത്
എന്‍റെ ബന്ധുവായ എസ്.ഷാജഹാന്‍ നടത്തുന്ന വിദ്യ അക്കാദമിയില്‍ ആണ് ട്യൂഷന്‍.
വെക്കേഷന്‍ ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ഏതാണ്ട് നാലോളം ട്യൂഷന്‍ സെന്റര്‍കാര്‍
വീട്ടില്‍ വന്നു "ക്യാന്‍വാസ്" എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന "പുള്ളാരെപ്പിടുത്തം"
തുടങ്ങിയിരുന്നു. ഓരോരുത്തരും എതിര്‍ സ്ഥാപനങ്ങളെപ്പറ്റി വായില്‍ കൊള്ളാത്തത്ര അപവാദങ്ങള്‍
പറഞ്ഞാണ് ആളെക്കൂട്ടുന്നത്.
മദ്യപാനം,കഞ്ചാവ് ,പെണ്‍വാണിഭം,മോഷണം,തുടങ്ങി ഇന്ത്യന്‍ പീനല്‍ കോഡില്‍ പറഞ്ഞിട്ടുള്ളതും ഇല്ലാത്തതുമായ
അനേകം കുറ്റങ്ങള്‍ ഇക്കൂട്ടര്‍ ആരോപിക്കും അങ്ങനെയൊരു മഹായുദ്ധം കഴിഞ്ഞു
വെക്കേഷന്‍ ക്ലാസ് തുടങ്ങി ,അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളെ ഒന്നിച്ചു ഇരുത്തിയാണ്‌ പഠിപ്പിച്ചു തുടങ്ങിയത്
ഇടവേളകളില്‍ പ്രിന്‍സിപ്പല്‍ വന്നു അയലത്ത് വീട്ടിലെ കുട്ടികളെ ക്ലാസ്സില്‍ എത്തിക്കാനുള്ള സൂത്രങ്ങള്‍
പറഞ്ഞുതരും ഉച്ചവരെ ക്ലാസ് നല്ല രസമായിരുന്നു അന്ന്.
ഒരു ദിവസം മലയാളം ക്ലാസ്സിലെ അധ്യാപകന്‍ വന്നില്ല പകരം ഷാജഹാന്‍ സാര്‍ കയറി
ഹിസ്റ്ററിയാണ് ഏറ്റവും മികച്ചതെന്നും എല്ലാവര്ക്കും എന്തും പഠിപ്പിക്കാം പക്ഷെ ഹിസ്റ്ററി പറ്റില്ല
എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു കവിത പഠിപ്പിക്കാന്‍ തുടങ്ങി....
പുസ്തകമെടുത്തു ഈണത്തില്‍ ചൊല്ലി...

"റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്കവേലകണ്ടോ...
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍തിരകണ്ടു കപ്പല്‍ കണ്ടു"

ഇതാണ് കവിത
ഒരു മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ കവിത ചൊല്ലി തീര്‍ത്ത ശേഷം
സാര്‍ അര്‍ഥം വിശദീകരിക്കാന്‍ തുടങ്ങി...

എല്ലാവരും ശ്രദ്ധിക്കൂ.
റാകിപ്പറക്കുന്ന ചെമ്പരുന്തേ .....
റാകി ; വട്ടമിട്ട്
പറക്കുന്ന ചെമ്പരുന്തേ
ചെമന്ന പരുന്തേ....
അടുത്തവരിയെന്താണ് .....? നോക്കൂ....
നീയുണ്ടോ മാമാങ്കവേലകണ്ടോ....?
നീയുണ്ടോ,
നീ ചോറുണ്ടോ.....?
മാമാങ്കവേലകണ്ടോ,
ആരാണ് മാമന്‍ .....?
അമ്മാവന്‍.....
മാ മങ്ക......എന്നാല്‍...?
മങ്ക =സ്ത്രീ
മാ മങ്ക ........?
സാര്‍ കുട്ടികള്‍ക്കിടയിലേക്ക് ഒരു ചോദ്യം എറിഞ്ഞു കൊടുത്തു.
ആചോദ്യം ഞാന്‍ ഏണിവച്ച് കയറിപ്പിടിച്ച് ഉത്തരം പറഞ്ഞു...
"അമ്മാവന്റെ ഭാര്യ"
യെസ്......കറക്റ്റ് അമ്മാവന്റെ ഭാര്യ എന്നാല്‍ അമ്മാവി...
സാര്‍ എന്നെ അഭിനന്ദിച്ചു,അതുകേട്ടു ഞാനൊന്ന് ബഞ്ചില്‍ ഇളകിയിരുന്നു
അപ്പുറത്തിരുന്ന ശാലിനിയെ സൈറ്റടിച്ച് കാണിച്ചു.
അമ്മാവിയുടെ എന്ത് കണ്ടോന്നാ.........?
ഇത് പറഞ്ഞതും ചോക്ക് കഷ്ണം എടുത്തു എന്‍റെ തലയിലെറിഞ്ഞതും
ഒരുമിച്ചായിരുന്നു....
കുട്ടികളൊക്കെ ചിരിക്കുന്നു ,എനിക്കപ്പോള്‍ കാര്യം വ്യക്തമായി.....
ശാലിനിയെ സൈറ്റടിച്ചതു സാര്‍ കണ്ടുപിടിച്ചു.....
ചാടി എഴുന്നേറ്റു ഞാന്‍ പറഞ്ഞു :
വേല ......അമ്മാവിയുടെ വേല.
ആ ശരി, ഇരി.....
സാര്‍ പാടഭാഗത്തെക്ക് കടന്നു.
ഇനി ഒരു കാര്യം അറിയാമോ....?
നമ്മുടെ കവിയുടെ അമ്മാവിക്കു വേലയായിരുന്നു, വേലയെന്നാല്‍ വീട്ടുവേല .
ആ ..... അടുത്ത വരി നോക്കൂ....
വേലയും കണ്ടു വിളക്കും കണ്ടു....
അമ്മാവിയുടെ വീട്ടുവേല അതി ദയനീയമായിരുന്നു....
ആ ദുഃഖ കരമായ വേലയും കവി കണ്ടു ,
അവര്‍ വിളക്ക് താങ്ങിപ്പിടിച്ചു കൊണ്ട് വരുന്നതും കവി കണ്ടു....
അങ്ങനെയുള്ള ദുഃഖം .....
ആ അതിഭയങ്കരമായ വേദന സഹിക്കവെയ്യാതെ കവി കടല്‍തീരത്തു പോയി....
അപ്പോള്‍ .........?
അപ്പോഴെന്തു കണ്ടു കവി......?
വലിയ ചൂരല്‍ ഡസ്കില്‍ അടിച്ചുകൊണ്ട് ഉറക്കെയായിരുന്നു സാറിന്റെ ചോദ്യം....
കുട്ടികള്‍ എല്ലാം ഒരേ സ്വരത്തില്‍ അലറിപ്പറഞ്ഞു....
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു.....




അനന്തരം....
ആ വര്‍ഷം ഓണപ്പരീക്ഷക്ക് ഞാന്‍ ആദ്യമായി സാമൂഹ്യ പാഠത്തിനും
മലയാളത്തിനും ഉജ്ജ്വലമായി തോറ്റു..!!!!!!!!!!!
ശുഭം (പണ്ടാരമടങ്ങി)

Friday, January 15, 2010

തൊളസീ........... കൊട എടുത്തില്ല അല്ലേ.............?


അന്ന് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.....
സ്കൂളിലേക്ക് പോകു വഴിയില്‍ എന്നും അവളെ കാണുമായിരുന്നു
കണ്ടു കണ്ട് എനിക്ക് അവളോട്‌ എന്തോ ഒരിത്.....!!!!!!!!
ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍ അവള്‍.....
പഠിക്കുമ്പോള്‍ പുസ്തകത്തില്‍ അവള്‍.......
ഒന്നിലും ശ്രദ്ദിക്കാന്‍ കഴിയുന്നില്ല........
എവിടെയും എപ്പോഴും അവള്‍..........
മാസം രണ്ടു കഴിഞ്ഞു.....
എന്‍റെ ഇഷ്ടം അവളോട്‌ ഇതുവരെ ഞാന്‍ പറഞ്ഞില്ല....
എന്‍റെ ബഞ്ചിലെ ശങ്കരനോടും ,തങ്കരാജിനോടും,ജോസഫ് പി.കെ യോടും...
ഞാന്‍ ചോദിച്ചു....... എന്തുചെയ്യണം......?
ഉപ്പയുടെ പോക്കറ്റില്‍ നിന്നും ഓസിയ രണ്ടു രൂപയ്ക്ക്
വാങ്ങിയ പ്യാരീസ് മിടായിയുടെ ബലത്തില്‍.....
അവസാനം പദ്ധതി ഉരുത്തിരിഞ്ഞു........
ഞാന്‍ അവളോട്‌ നേരിട്ട് സംസാരിക്കണം
പ്രേമം നേരിട്ട് പറയാത്തവന്‍ ആണ് അല്ലെന്നുപോലും.......
തങ്കരാജിന്റെ കണ്ടെത്തല്‍.(കാലന്‍....! അവനു സ്മിത ബിയെ പ്രേമിക്കാന്‍
പാതിരാത്രിയില്‍ കുത്തിയിരുന്നു കത്തെഴുതിക്കൊട്തവനാണ് ഈ ഞാന്‍)
ഞാനൊന്നും മിണ്ടിയില്ല ആവശ്യക്കാരന്‍ ഞാനായിപ്പോയില്ലേ
ആശാ അക്കാദമിയിലെ ടുഷന്‍ ക്ലാസ്സ്‌ കഴിഞ്ഞു അവള്‍ അമ്പലത്തിനടുത്തുള്ള
വഴിയിലൂടെ വരുമ്പോള്‍ നേരിട്ട് കാര്യം പറയണം.
"എനിക്ക് നിന്നെ ഇഷ്ടമാണെന്ന്"
പലതവണ ചര്‍ച്ച
ചെയ്തു അന്തിമ രൂപരേഖ തയ്യാറായി.....
**************************************************************
നട്ടുച്ച.... ഒടുക്കത്തെ വെയില്‍.....
അവളെയും കാത്തുള്ള നില്‍പ്പ് തുടങ്ങിയിട്ട് ഒന്നര മണിക്കൂര്‍ ആകുന്നു....
ദാഹിച്ചു വലഞ്ഞു അവള്‍ വരാനുള്ള സമയം അടുക്കുന്തോറും മനസ്സില്‍ തീ നിറയുന്നു
കയ്കാലുകള്‍ തളരുന്നു.... തൊണ്ട വരളുന്നു.
മനസ്സില്‍
പലവട്ടം പറയേണ്ട ഡയലോഗുകള്‍ കാണാതെ പഠിച്ചു....
മരിച്ചു പോയ പൂര്‍വികരോട് മനശക്തി തരുവാന്‍ അപേക്ഷിച്ചു
മസ്സില് പിടിച്ചു നിന്നു
അതാ അവള്‍ വരുന്നു.. കുറ്റിക്കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്ന
കൂട്ടുകാര്‍ വിളിച്ചു പറഞ്ഞു....പോടാ...
പോയി പറയ് നിന്‍റെ ആണത്തം തെളിയിക്ക്
ഞാന്‍ രണ്ടും കല്‍പ്പിച്ചു അവളുടെ അടുത്തേക്ക്‌ നടന്നു...
എന്നെ കണ്ട് അവള്‍ ചിരിച്ചു.....ഞാനും ചിരിച്ചു.
പാടത്ത് എള്ള് പൂത്തു നില്‍ക്കുന്ന പോലെ....
എന്തും വരട്ടെ എന്ന് മനസ്സില്‍ ഉറച്ചു ഞാന്‍ കാര്യം പറയാന്‍ തീരുമാനിച്ചു..
"തൊളസീ........... കൊട എടുത്തില്ല അല്ലേ.............
ഭയങ്കരവെയിലാ......... കറത്ത് പോകും......"

മറുപടിയായി അവള്‍ ചിരിച്ചു കൊണ്ട് എന്നെ കടന്നു പോയി.
തങ്കരാജിനും,ജോസഫിനും,കാര്യങ്ങള്‍ ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ ചരി കണ്ട്
വിജയിച്ചു എന്ന് മനസ്സിലായി.
ഒരു നിമിഷം കൊണ്ട് അവരുടെ ഇടയില്‍ ഞാനൊരു ഹീറോ ആയി മാറി....
****************************************
***************************
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു... തങ്കരാജ് പട്ടാളത്തില്‍,ജോസഫ് ഗള്‍ഫില്‍,ശങ്കരന്‍ ബിസിനസ്‌മായി കഴിയുന്നു.
ഇപ്പോഴും ഏതെങ്കിലും പെണ്ണിനെ പരിചയപ്പെടണമെങ്കില്‍..അവന്മാര്‍ എന്നോട് ഉപദേശം ചോദിക്കും....
അളിയാ.....എങ്ങനാടാ....അത്.....?

ഞാന്‍ ചിരിക്കും...എന്നിട്ട് ആദിവസം ഓര്‍ക്കും.....
"തൊളസീ........... കൊട എടുത്തില്ല അല്ലേ.............
ഭയങ്കരവെയിലാ......... കറത്ത് പോകും......"

അവളും പിന്നെയവളും........!!!!!!!!!



ആല്‍മരച്ചോട്ടില്‍ വെച്ച്ചവളെ കണ്ടു
അറിയാതെയവളിലേക്കടുത്തുപോയി
ഭയത്തിന്‍ തിരതള്ളലുന്ടെങ്കിലും ഞാന്‍
മൃദുലം മൊഴിഞ്ഞു, എനിക്കിഷ്ടമായ് നിന്നെ

ചഞ്ചലമിഴികള്‍ വിടര്‍ന്നു മെല്ലവേ
ചെഞ്ചുണ്ടുകളില്‍ കവിതവിരിഞ്ഞു
അധരം കടിച്ചു കൊണ്ടവളും
പറഞ്ഞു "ഐ ലവ്വ്‌ യു ടൂ മൈ ഹാന്‍ഡ്‌സം മാന്‍"


പിന്നെ കാലവര്‍ഷം പോലെ തിമിര്‍ത്തു പെയ്തു
എന്‍റെ പെണ്ണിന്റെ ചുണ്ടില്‍നിന്നാംഗലേയം
വിയര്‍ത്തുപോയ്‌ ഞാനോന്നല്‍പ്പം ശങ്കിച്ചു
ഇവളൊരു മലയാളിക്കുട്ടിയോ...?
"മലയാലം പരയാത്ത" നാടന്‍ മദാമ്മയോ....?

എങ്കിലും.,
പിണക്കാന്‍ കഴിഞ്ഞില്ല അവളെയെനിക്കൊട്ടു
വെറുക്കാനും കഴിയില്ലയെന്തുചെയ്യേണ്ടുഞാന്‍

ഈശ്വരാ രക്ഷതു എന്നാശ്വസിച്ചിട്ടവളെയും
സ്വപ്നം കണ്ടൊന്നു മയങ്ങി ഞാന്‍