Thursday, February 4, 2016

സോഷ്യലിസ്റ്റ്


ചാട്ടവാൽ മാംസം
പിളർത്തി രക്തവഴികൾ...
നിർമ്മിക്കുന്നു...
നീതിപാലകരുടെ
ആക്ഷേപവചനങ്ങൾക്കുമപ്പുറം
ഹൃദയംനുറുങ്ങിയ
ജനതയുടെവിലാപങ്ങൾ
ചെവിയിലലയുതിർക്കുന്നു..
ഖനമേറിയമരത്താൽ
മുതുകിനായാസമുണ്ടാകിലും
വിശ്വാസതീഷ്ണമാം
നയനങ്ങൾ പലവുരുപറയുന്നു...
മരണത്തിനപ്പുറം
നിത്യവിഹായസ്സിലേക്ക്
സ്വയമെരിഞ്ഞ് പ്രകാശമായവൻ...
ഇവനനീതിയെ, കാടത്തത്തെത്തകർക്കാനു
-യിർത്തവീര പോരാളി...
മാമൂലുകളെപിഴുതെറിഞ്ഞ നിഷേധി...
അധർമ്മത്തിലുയിർത്ത സാമ്രാജ്യത്തി-
ന്നടിത്തറയിളക്കിയ വിപ്ലവസൂര്യൻ... കാലാതീതതപ്രകാശമായവൻ
രോഗിക്കു സൗഖ്യവും
പാപിക്കു മോചനവും ദുഃഖിതര്‍ക്കാശ്വാസവും
അശരണര്‍ക്കു പ്രത്യാശയുമേകി
സ്വയംമുറിഞ്ഞ് ഭക്ഷണമായവൻ
മനുഷ്യനെതിരിച്ചറിഞ്ഞ
മാനവീകതയുടെപ്രവാചകൻ
വിശേഷണങ്ങള്‍ക്കതീതനായവന്‍
ഒരു പേരും പൂര്‍ണമല്ലനിനക്കൊരു വിശേഷണവും പര്യാപ്‌തവുമല്ല.
ഓരോ പേരും ഓരോ വിശേഷണവും
നിൻറെയോരോ വശം മാത്രം വെളിപ്പെടുത്തുന്നു...

ദൈവമായ്ശക്തിയായ്,
സാന്ത്വനാഹ്വാനമായി,
വെല്ലുവിളിയായി, ദൗത്യമായി
എന്നുള്ളിൽ നിറയുന്ന സ്നേഹഗുരോ
നീയല്ലാതാരാണുലകിലെയാദ്യ സോഷ്യലിസ്റ്റ്...?

ശിശുക്കളോട് പറയുവാനുള്ളത്...


മക്കളേ...
അമ്മയുണ്ടാവുമല്ലോ...
വീട്ടിൽ....?
നീരാട്ടി മുടിചീകീ
മുഖമൊരുക്കി
ചൂടുചോറുപാത്രം
ബാഗിലാക്കി
മൂർദ്ധാവിൽ
സ്നേഹംമണക്കുന്ന
ഉമ്മയേകി....
യാത്രയാക്കുന്ന
പൊന്നമ്മച്ചി....

കാർക്കശ്യം
പൂശിയ
വാൽസല്യരൂപമായ
അച്ഛനും...
പിഞ്ചിളംമേനിയിലെ
കുത്തിവെയ്പ്പുപോലും
അമ്മയുടെ ചങ്കിൽ
കഠാരിയാഴ്തും പോലെയാണ്
മക്കൾക്കുവേണ്ടിയാണ്
ഓരോ മാതാപിതാക്കളും
ജീവിക്കുന്നത്...
സ്വയം ചിന്തിക്കാറാവുമ്പോൾ
അച്ഛനുമമ്മയുമധികപ്പറ്റാവുമോ...
നന്മയാമമ്മയെ
നടതള്ളി മാറ്റുമോ....
മക്കളേയെന്ന്
തപിക്കുന്ന നെഞ്ചകം
സ്വാർത്ഥ ലാഭങ്ങൾക്ക്
പണയപ്പെടുത്തീടുമോ....
മക്കളേ...
മറക്കരുത്
കാലം
കറങ്ങി
വരുമെന്ന
സത്യം...
നിങ്ങൾക്കായും
കാത്തിരിപ്പുണ്ടാകാം
ഇരുമ്പ്കട്ടിലിനുമീതേയൊരു
മൂട്ടയാർക്കുന്ന
ചകിരിക്കിടക്കയും
സ്വന്തം
പേരെഴുതിയൊരു
സ്റ്റീൽ പാത്രവും
തംബ്ലാറും...
മുഷിഞ്ഞുവിണ്ട
ചുമരും നോക്കി
തകർന്നിരിക്കുന്നൊരു
മനസ്സും.....
ഈശ്വരൻ
കാക്കട്ടെ...
ശുഭശിശുദിനം....

ഓര്‍മ്മയുടെ മരണം

ആരാ...
ആരാ..
മനസിലായില്ല....
ആയിരമഗ്നി പർവ്വതങ്ങൾ...
ഉള്ളിലൊന്നിച്ചു പൊട്ടി...

വിളിച്ചുണർത്തി
കാച്ചെണ്ണയുച്ചിയിൽ തിരുമ്മി
കുളിരുള്ള വെള്ളത്തിൽ
കുളിപ്പിച്ച അമ്മ...
മടിയിൽ കിടത്തി
മുടിയിൽ തലോടി...
പൊന്നുകൊണ്ടുപോയ
ജിന്നിൻറെ കിസ്സ പറഞുതന്ന
അമ്മ...
പെൺമക്കൾക്കുള്ളതിനേക്കാൾ
ഇത്തിരിക്കൂടുതൽ
രുചിയാർന്ന ഭക്ഷണമെനിക്കായ്
കരുതിയ അമ്മ...
കുരുത്തക്കേടിന്
ഉപ്പയെന്നെത്തല്ലുമ്പോൾ
ഇടക്കുകയറി
അവയെല്ലാമേറ്റു വാങ്ങിയ അമ്മ...
അമ്മയുടെ പൊന്നു മകനെ
അപരിചിതനെപ്പോലെ നോക്കുന്ന
മുന്നിലുണ്ടായിട്ടും
തിരിച്ചറിയാൻ കഴിയാതെ
ചിതലരിച്ച് ദ്രവിച്ച
ഓർമ്മകളുമായി...
എൻറെയമ്മ...
മറവിയുടെ ലോകം
വിശാലമാണ്....
ആരെയും തിരിച്ചറിയാനാവാതെ
സ്വന്തം ലോകത്തില്‍
പരിചിതരും അപരിചിതരായി
എല്ലാത്തിനും പുതുമ ഉള്‍ക്കൊണ്ട്‌
ഒരു കുഞ്ഞു പൈതലിന്റെ
മനസ്സോടെ നടക്കുക..
ഓര്‍മ്മകളുടെ കൈപ്പിടിയില്‍
വീഴാതെ......
എനിക്ക് വയ്യ...
ഇങ്ങനെ കരയാൻ...
എനിക്കും കൂടി
മറവിയൊരനുഗ്രഹമായി
ദെെവമേ നീ....
തന്നെങ്കിൽ....

സദാ "ചാരം"


പട്ടികളെ
കെട്ടിത്തൂക്കിയ...
പടമിട്ട്
ലോകാ
സമസ്താ
സുഖിനോ
ഭവന്തൂന്ന്
ഫീലിംഗുമിട്ടു...

കയറിൽ
തൂങ്ങി
മരക്കൊമ്പിലാടുന്ന
പട്ടിപ്പിണം
പടത്തിന്
കിട്ടിയ
ലെെക്ക്
ഓരോമിനുട്ടിലും
നോക്കി
തൃപ്തി
വരുത്തി....
ചുംബന
സമരനായകൻ
ഭാര്യയെ
വിറ്റുവത്രേ...
നാലുവാക്കെഴുതണം...
പോസ്റ്റിട്ടു...
"ഈ ചെറ്റയുടെ
കരണത്തടിക്കണമെന്ന്
ആഗ്രഹമുള്ളവർ മാത്രം
ലെെക്ക് ചെയ്യുക"
കിടിലം...
ഒരഞ്ഞുറ്
ലെെക്ക്
മിനിമം കിട്ടും
അത്രയുമാശ്വാസം...
ഹോ....
പന്ത്രണ്ടു
മണിവരെ
ഓൺലെെനിൽ
ഇരുന്ന്
സമയം
കളയണം
എന്നിട്ട്
വേണം
അപ്രത്തെ
ചേച്ചീടെ
വീടിൻറെ
മതിലു
ചാടാൻ...
പന്ത്രണ്ടു
മണിവരെ
അവൾടെ
കെട്ട്യോൻ
ഗൾഫിൽ
നിന്നും
ചാറ്റ്
ചെയ്യുമത്രേ...
ചാറ്റ്
ചെയ്ത്
കഴിഞ്ഞാൽ
ചേച്ചീ
ടോർച്ച്
മൂന്നുവട്ടം
മിന്നിക്കും...
അപ്പോൾ
തന്നെ
പോകണം...
ഒരു
നശിച്ച
പട്ടിയുണ്ട്
അവിടെ
കഴിഞ്ഞ
ആഴ്ച
ബർമുഡായ്ക്കാണ്
കടി കിട്ടിയത്...
എപ്പഴും
ഭാഗ്യം
കൂടെയുണ്ടാവില്ല...
ആ നശിച്ച
പട്ടിയെ കൊല്ലണം...
കാഞ്ഞിരക്കുരു
ഇറച്ചിയിൽ
ചേർത്ത്
കൊടുത്ത്
കൊല്ലണം...
ആഹഹ....
അതാ
ടോർച്ച്
കത്തുന്നു...
പോയേക്കാം....

മർദ്ദിതൻറെ കാലം


നിലമൊരുക്കി...
തടമിളക്കി
നട്ടു നനച്ച്
പൂവ്കായ്ക്കുമ്പോഴൊരു
സന്തോഷമാണ്...

ആദ്യപടല
മൂത്തമോൻ
ചേന്നന്...
താഴേക്ക്
താഴേക്ക്
ഉൗഴമിട്ടൂഴമിട്ട്
കാളിയും
വെളുമ്പിയും
ഒടുക്കത്തേത്
പൊന്നരുമ
തിരുതയ്ക്കും...
കൊലവെളഞ്ഞ്
വെളഞ്ഞങ്ങനെ
മുഴുത്തുവരുമ്പോഴൊരു
ആഞ്ഞിലിക്കമ്പിനൊത
കൊടുക്കണം....
സ്വപ്നവുംകണ്ട്
കിഴക്കേഅയ്യത്ത്
വെളിക്കിരിക്കുമ്പോഴാണ്
തമ്പ്രാൻറെ കാര്യസ്ഥൻ
വന്ന് കയ്യൂക്ക് കാണിച്ചത്...
വെട്ടോത്തിക്ക്
ആഞ്ഞോങ്ങിയൊരുവെട്ട്...
കൊലയെടുത്ത്
തോളേലിട്ട
കാര്യക്കാരൻ
ആയാസപ്പെട്ടത്
കൊണ്ട്വോകുന്നതുകണ്ട്
നിസംഗനായി
ഇന്നുമതേയിരിപ്പാണ്...
കടിച്ചീമ്പി മരത്തേൽ
കെട്ടിത്തൂക്കിയാലും
പച്ചയ്ക്ക് കൊളുത്തി
ചലിക്കുന്ന തീപ്പന്തമാക്കിയാലും
ഉടുതുണിയുരിഞ്ഞെറിഞ്ഞ്
തെരുവിൽ കൊണ്ടോയി
നിരത്തിയാലും
ഞങ്ങടെ പിഞ്ചുകളെ
കൊന്നാലും
തിന്നാലും
ഇന്നുമതേയിരിപ്പാണ്...
നിസംഗനായി...
നിസംഗതയൊരു
മഹാവാൽമീകമാണ്
സങ്കടങ്ങളമർഷങ്ങൾ
അവഗണനകൾ തിക്കിത്തിരക്കി
മർദ്ദമേറിയ വാൽമീകം...
പുറന്തോടുപൊട്ടി
ചിതറിയാലന്നൊടുങ്ങും
സവർണ്ണസ്ഫടിക
ഹർമ്മ്യങ്ങളൊക്കെയും...
കാത്തിരിക്കാം മർദ്ദിതൻറെ
അവസാനകുതറിപ്പിടച്ചിലീന്
കാലം കുറിച്ച മുഹുർത്തത്തിനായ്...

പാഴ്മരങ്ങളുണ്ടാകുന്നത്


മൂർദ്ധാവിലൂടെയരിച്ചിറങ്ങി
താഴേക്കുനിളൂന്ന...
അധരക്രിയകളിൽ നിന്നും
കരിനാഗങ്ങളെപ്പോൽ
കെട്ടുപിണഞ്ഞ്
മുല്ലവള്ളിപോൽ
പടർന്നുകയറി
രതിഗിരികൾ
കിതച്ചോടിക്കീഴടക്കി
വിയർപ്പാറ്റിത്തളരുമ്പോൾ
ഹൃദയങ്ങളിൽ നിന്നും
വളരെയകലെ
മുളച്ചുപൊന്തുന്നുണ്ടൊരു
പാഴ്മരം

പാഴ്മരമെന്നുമങ്ങനെയാണ്
അനുവാദമില്ലാതെ
മണ്ണറിയാതെ
വെയിലെടുത്ത്
ജലമെടുത്ത്
വളരുന്നൊരു
നിഷേധി...
ലക്ഷങ്ങൾ
കിട്ടുന്ന കണ്ണായ സ്ഥലത്ത്
പാഴ്മരമൊരു
ബാധ്യതയാണ്...
പരിഹാരമൊന്നു മാത്രം
കടയോടെ വെട്ടുക
കനിവില്ലാതെറിയുക
ചിലപ്പോളെവിടെങ്കിലും
കിടന്ന് വളർന്നേക്കാം

പ്രിയപ്പെട്ട സുബിനേഷ്


പാതിരാവിലും
കണ്ണിമചിമ്മാതെ...
ബെെനോക്കുലറിലൂടെ
ഒരിലയനക്കംപോലും
നിരീക്ഷിച്ച്
കാലൊച്ചകൾക്കായ്
കാതുകൂർപ്പിച്ച്
തോക്കിൻറെ
കാഞ്ചിയിൽ
വിരലമർത്തി
തേളും
പാമ്പും
പഴുതാരയുമുള്ളയിടങ്ങളിൽ
കാവലുള്ളതിനാലാണ്

ഞങ്ങളിവിടെ....
ഉൽസവം
കൂടുന്നതും
സമര ഹർത്താൽ
പ്രക്ഷോഭങ്ങൾ
പിന്നെ
രാഷ്ട്രീയക്കൊലകളും
അഴിമതി കരിങ്കാലി
വർഗ്ഗ വർണ്ണ പ്രീണന
പൊറാട്ടു നാടകങ്ങളും
നടത്തുന്നത്....
നിങ്ങളൊന്നു
കണ്ണടച്ചാൽ
ആ പഴുതിലൂടെ
ചോരയിറ്റും
കൂർത്ത പല്ലുകളുള്ള
പേപിടിച്ച പട്ടികൾ
കയറി വരുമെന്നറിയാഞ്ഞിട്ടല്ല...
യാതനകളിലെ ഇടവേളകളിൽ
വീടുകാണാനെത്തുന്ന
നിന്നെയും കാത്തൊരമ്മയവിടെ
ഇരിക്കുന്നുണ്ടാവും
ആയിരക്കണക്കിന്
അമ്മമാർക്കു വേണ്ടിയാണ്
നീ... ബലിയായത്...
ചോരവാർന്നു വാർന്ന്
നിന്നിൽനിന്ന് പ്രാണൻ
ചിറകടിച്ചുയരുമ്പോഴും
പ്രിയപ്പെട്ട സുബിനേഷ്
നീ സ്വർഗ്ഗത്തുനിന്നും
ജാഗ്രതയോടെ
നാടിനെ
നോക്കി നിൽക്കുന്നുണ്ടാവും
പഴയതുപോലെ...
വിശ്രമമില്ലാതെ...
പ്രിയപ്പെട്ട സുബിനേഷ്....
മറക്കില്ല നാടിൻറെ
രക്തസാക്ഷി മക്കളെ...
മറക്കില്ല വീറുള്ള
ചാട്ടുളിക്കരുത്തരെ...
മറക്കില്ല പ്രാണനെ
ബലിനൽകും വീരരെ...
മറക്കില്ല മണ്ണിന്നു
കാവലേകും നിങ്ങളെ...

ജയ് ഹിന്ദ്


ജ്വലിക്കട്ടെയാളുന്ന
പന്തമായ ധീരരേ..
ഉറക്കുന്നു നാടിന്നെ
ശാന്തിയേകിയെന്നുമേ..
വിറയ്ക്കട്ടെ ശത്രുവിൻറെ
നെഞ്ചകം നിരന്തരം
കരുത്തുള്ള കാരിരുമ്പ്
പോലെയുള്ള നിങ്ങളാൽ
ഉഷസ്സിൻറെ നന്മയുള്ള
ഭാരതം പിറക്കുവാൻ
തമസ്സിൻറെ ആശയങ്ങളി-
വിടെയസ്തമിക്കുവാൻ
ജയിക്കുന്ന പുത്തനിന്ത്യ
തലയുയർത്തി നിൽക്കുവാൻ
ഉയിർതന്നെ ദക്ഷിണയായ്
കാഴ്ചവെച്ച ശൂരരേ...
ഉദിക്കുന്ന അർക്കനായി
ചക്രവാള സീമയിൽ
മഹസ്സോടെ ഭാരതത്തെ
കാക്കുവാൻ കരുത്തുമായ്
സ്മരിക്കട്ടെ നിങ്ങൾതന്ന
രണചരിത്ര വിസ്മയം
മറക്കില്ല നാടിൻറെ
രക്തസാക്ഷി മക്കളെ...
മറക്കില്ല വീറുള്ള
ചാട്ടുളിക്കരുത്തരെ...
മറക്കില്ല പ്രാണനെ
ബലിനൽകും വീരരെ...
മറക്കില്ല മണ്ണിന്നു
കാവലേകും നിങ്ങളെ...
ജയ്്്്് ഹിന്ദ്.....

അർഹതയുള്ളത് അതിജീവിക്കുമെന്ന് പണ്ട് ഡാർവ്വിൻ പറഞ്ഞിട്ടുണ്ട്...





...
തടസങ്ങൾതട്ടിമാറ്റി....
പരിമിതികളെ
മുറിച്ചുകടന്ന്
സ്വപ്നങ്ങളെ
ലക്ഷ്യംവെച്ച്
ഹൃദയത്തിലാളുന്ന
അഗ്നിനിറച്ച്
ചുവടിടറാതെ
പായുക നീ.....
പോരാളിയാവുകനീ....
കനലെരിയും
വഴികളാണെവിടെയും
അതിനിടയിലായി
കൂർത്ത മുള്ളുകൾ
ചോരചിന്തിക്കാനായി
കാത്തുകാത്തിരിപ്പുണ്ട്...
മുന്നേറുക ചങ്കൂറ്റമേറ്റി നീ....
ചതിക്കുഴി ചാടിയൊഴിഞ്ഞ്
ചിന്തതൻ ചിറകേറി..
മുന്നോട്ട് മാത്രം പായുന്ന വണ്ടിയായി...
പൊയ്ക്കാലിലെങ്കിലും
സ്വന്തം കരുത്തിൽ
തലയുയർത്തി നീ നിന്നാൽ
ഏഴുവട്ടം എവറസ്റ്റേറിയ
പെരുമയും തോൽക്കും
നിനക്കുമുന്നിൽ....

ജലം കൊണ്ട് ഹൃദയം മുറിഞ്ഞവര്‍


തോരാതെ പെയ്ത
മഴയൊലിപ്പിച്ചത്.......
കുന്നുകൂട്ടിവെച്ചൊരായിരം
കനവുകളും...
വിളവുപാകമായൊരെൻറെ
കഠിനാധ്വാനവും...
അരവയറുണ്ട്
സ്വരുക്കുട്ടിയ നാണ്യക്കുടുക്കയും
മാത്രമായിരുന്നില്ല...

ദുരയുമാർത്തിയും
കുടിലതയും
ചപലതയും
പിന്നെയുമെന്തൊക്കെയോ....
ഓഡിയും ബെൻസും
ഓട്ടോറിക്ഷയോടൊപ്പം
മലിനജലത്തിലൊന്നിച്ച്
ഒഴുകിനടക്കുന്ന
സമത്വസുന്ദര
സോഷ്യലിസം....
വേമ്പനാട്ടുകായലിലെ
കെട്ടുവള്ളങ്ങൾ
പോലെ ആകാശയാനങ്ങൾ...
ഇറ്റാലിയൻ മാർബിളിൽ
കക്കൂസ് മാലിന്യമൊഴുകിപ്പരക്കുമ്പോൾ...
പ്രകൃതിയൂറിയൂറി ചിരിക്കുന്നുണ്ടാവണം...
ജാതിയും മതവും സവർണ്ണധാർഷ്ട്യങ്ങളും...
കഴുത്തറ്റം മുങ്ങി
നിലവിളിക്കുന്നു...
ഒരുകുപ്പിവെള്ളം
പലജാതിക്കാർ
പകുത്തുകുടിക്കുന്ന
സൗഹൃദവും
ക്ഷേത്രശ്രീകോവിലിൽ
ഒഴുകിനടക്കുന്ന
ഖുറാനും ബെെബിളും...
ദുരന്തകാലത്ത് മാത്രമാണ്
ലോകം സമത്വമറിയുന്നത്....
വെള്ളമിറങ്ങിയാൽ
സൗഭാഗ്യങ്ങൾക്കൊപ്പം
വീണ്ടും
തിരിച്ചുവരും
മതവും
മാൽസര്യവും
ഉച്ച നീചത്വങ്ങളും....
അടുത്ത ദുരന്തം
എത്തുന്നതുവരെ
സമത്വം
ഒരു സ്വപ്നമായ് മാത്രം
നിലനിൽക്കും....

മണ്ടൻമാർ...


അപരിചിതനുവേണ്ടി
ജീവൻകൊടുക്കുന്ന...
മണ്ടൻമാരുണ്ടിവിടെ
പണ്ടുമുതൽക്കേ....

ഭ്രമിപ്പിക്കുന്ന
ജീവിതക്കാഴ്ചകളോ
ത്രസിപ്പിക്കുന്ന
യൗവ്വനവർണ്ണമോ
സ്നേഹിതരുടെ
തീരാവ്യഥകളോ
ഒന്നുമൊന്നും

മണ്ടത്തരത്തിൽനിന്നും
അവരെ
പിന്തിരിപ്പിക്കാറില്ല...
കൺമുന്നിൽ
പിടയുന്ന
ജീവൻറെ
അതിജീവനത്തിനായ്
ഉയിർതന്നെ
കാണിക്കവെച്ച
മണ്ടൻമാർ...
ജാതിയും
മതവും
നോക്കാതെ
ശക്തിയില്ലാത്ത
നിലവിളിക്കുത്തരമായി
മനുഷ്യത്വത്തിൻറെ
മാൻഹോളിലേക്കെടുത്തു
ചാടിയപ്പോഴും...
പിടയുന്നജീവനെ
കരയേറ്റാനാവാതെ
വിഷവാതകം
നിൻറെ
നാഡിതളർത്തിയപ്പോഴും
മലിനജലത്തിൽ
അവസാനശ്വാസമെടുക്കാനാവാതെ
നിസ്സഹായനായി
നീ മുങ്ങുമ്പൊഴും
നീ ചെയ്ത
മണ്ടത്തരത്തിൻറെ
വ്യാപ്തി
തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല...
പ്രിയപ്പെട്ടവനേ....
നീയടക്കമുള്ള
മണ്ടൻമാരുടെ
അദൃശ്യസംരക്ഷണത്തിൽ
തന്നെയാണ്
ഞാനടക്കമുള്ള
"ബുദ്ധിമാൻമാർ"
ജീവിക്കുന്നത്...
തീർച്ചയായും
നീയൊരു
മണ്ടനാണ്....
നന്മ
മരിക്കാത്ത
മണ്ടൻ....

ശിപായി ലഹള


മംഗൾപാണ്ഡേ...
താഴേക്ക് നോക്കി......
അങ്ങകലെ താഴെയൊരു
പൊട്ടുപോലെയെൻറെ മണ്ണ്...
നോക്കുന്തോറുമത്
തെളിഞ്ഞ് തെളിഞ്ഞങ്ങനെ
കണ്ണുനിറയ്ക്കുന്നു....
ഇന്നലത്തെപ്പോലെയെല്ലാം...

ബറാക്ക്പൂരിലെ
മുപ്പത്തിനാലാം
കാലാൾപട....
തൻറെ പ്രിയപ്പെട്ട റജിമൻറ്....
അടിമപ്പട്ടാളത്തിൻറെ
അടക്കാനാവാത്ത
ചെറുത്തുനിൽപ്പ്...
ഒരു തിരിച്ചടി....
ചോരയൊലിപ്പിച്ച
സാർജൻറും,അഡ്ജൂറൻറും
കരഞ്ഞുകൊണ്ടോടുന്നു...
വിചാരണയില്ലാതെ
ജനറൽ ഹെയേഴ്സ് എന്നെ
തൂക്കുമ്പോൾ
അയ്യാളറിഞ്ഞുകാണില്ല...
വലിയൊരു
വെടിമരുന്നു മല
പുകയുന്ന കാര്യം
മംഗൾ പാണ്ഡെയുടെ
ചോരക്ക് കണക്കുപറഞ്ഞ്
തിരിച്ചടിച്ച റജിമൻറ്...
മീററ്റ് ഝാൻസി കാൺപൂർ.....
രക്തമൊഴുകിപ്പടർന്നു....
ബാദ്ൽ കി സെറായി
ചുവന്നുതുടുത്തു...
ലക്ഷ്മീബായി
ഗ്വാളിയറിനുമേൽ
രക്തനക്ഷത്രമായുദിച്ചു....
എന്തിന്.... വേണ്ടി
അടിമഭാരതമിന്നും
അടിമഭാരതം തന്നെ...
വെള്ളക്കാരുപേക്ഷിച്ച
ഡിവെെഡാൻറ് റൂൾ
ജനങ്ങളൊന്നാകെ
ഏറ്റെടുത്തുകഴിഞ്ഞു
മതം മദമാകുന്നു...
ചരിത്രത്തിൻറെ
വക്രീകരണം
മഴവില്ലുപോലെ
വളഞ്ഞ് ഒരറ്റം
അന്തരീക്ഷത്തിലെവിടെയോ...
ഒരു ശിപായി ലഹളകൂടി...
അടിമഭാരതം ആവശ്യപ്പെടുന്നുവോ....?
എങ്ങോമറന്നുപോയ
നേരിനായുള്ള
ശിപായി ലഹള....
 
കഷ്ടകാലം പിടിച്ചവൻ മൊട്ടയടിച്ചാൽ
കല്ലുമഴയാണ്.
- ആമിനാബീവി
(എൻറെ അമ്മ)
...
ആയിരത്തിതൊള്ളായിരത്തി എൺപത് മാർച്ച് പതിനാലു കഴിഞ്ഞ് പതിനഞ്ചിലേക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ക്ലോക്ക് ടിക് ടിക് ശബ്ദത്തോടെ യാത്രയാരംഭിച്ചു. ...
എന്തോ വലിയ ആപത്തു വരാനെന്നപോലെ കനത്ത മഴയും കാറ്റും. ......
പട്ടികളുടെ ഓരിയിടൽ കനത്ത മഴയുടെ ശബ്ദത്തിൽ
മുങ്ങിപ്പോയി.....
കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പ്രസവിക്കാനായി
ആശുപത്രിയില്‍ അഡ്മിറ്റാണ് ചുനക്കര തെക്ക് പുല്ലംമ്പള്ളിലയ്യത്ത് മുഹമ്മദ് ഇസ്മായിൽ റാവത്തുറുടെ ഭാര്യ ആമിനാബീവി.....
ഇടവിട്ട് വരുന്ന വേദനയില്‍ കനത്ത പ്രതീക്ഷയുമായി ഇപ്പോള്‍ പ്രസവിച്ചിട്ട് വരാമെന്ന പ്രതീക്ഷയോടെ
ലേബര്‍ റൂമിൽ പലവട്ടം പോയി "പ്ലിംഗി" തിരിച്ചു വന്ന കലിപ്പ് ആ മുഖത്ത് വേണ്ടുവോളമുണ്ട്...
ആദ്യത്തെ കുഞ്ഞ് മകളായതുകൊണ്ട്
ഈ പ്രസവത്തിൽ ഒരാൺകുഞ്ഞ് വേണമെന്നുള്ള
പ്രാർത്ഥന കടുത്ത അസ്വസ്ഥതയ്ക്കിടയിലും
ആ ചുണ്ടുകളിൽ തത്തിക്കളിക്കുന്നുമുണ്ട്..
പെട്ടെന്ന് ഭയങ്കര ശബ്ദത്തിൽ കനത്ത ഒരിടിവെട്ടി...
കറണ്ട് പോയി. .... മഴയുടെ ശക്തി കൂടി ....
ആമിനാബീവിയുടെ ശരീരം വെട്ടി വിയർത്തു....
കടുത്ത വേദനയില്‍ പുളഞ്ഞ അവരെ മെഴുകുതിരിയുടെ അരണ്ട വെട്ടത്തിൽ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ...
പുറത്ത് ടെൻഷനടിച്ചു നിന്ന ബന്ധുക്കൾ ഫാത്തിഹാ ഓതി പ്രാർഥിച്ചു കൊണ്ടിരുന്നു. ....
അകത്തു നിന്നും അനക്കമൊന്നുമില്ല....
ബന്ധുക്കൾ വേവലാതിപ്പെട്ടു....
പുറത്ത് മഴയാണെങ്കിൽ.... തകർക്കുന്നു....
കനത്തകാറ്റിൽ പിടിച്ചു നിൽക്കാൻ മെഴുകുതിരിയുടെ തീനാളം നന്നേ പണിപ്പെട്ടു......
ദിഗന്തങ്ങളെ നടുക്കിക്കൊണ്ട് കനത്ത ഒരിടിവെട്ടി. ....
അകത്തു നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. ....!!!
അൽഹംദുലില്ലാഹ്..... കാത്തിരിപ്പുകാരുടെ കണ്ഠത്തിൽ നിന്നും നെടുവീർപ്പിനൊപ്പം ഈ സ്തുതിവചനം പുറത്തു വന്നു. .....
കടുത്ത വേദനയുടെ ആലസ്യത്തിത്തിനിടയിലും ഇത്തവണ വിജയിച്ചതിൻറെ സന്തോഷവുമായി ആമിനാ ബീവി കിടന്നു. .....
******** ******* ********* ******
പിൽക്കാലത്ത് നാട്ടുകാരെക്കൊണ്ടും വീട്ടുകാരെക്കൊണ്ടും ആവോളം പറയിപ്പിച്ച
"ഷാഫി മുഹമ്മദ് റാവുത്തര്‍ "
എന്ന വലിയ പരാജയം അവിടെ ജനിച്ചു. ...
സ്വന്തം മനസ്സാക്ഷിക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്തതിനാൽ അസംഖ്യം ശത്രുക്കളെയും
അതിലേറെ മിത്രങ്ങളെയും ലഭിച്ചു. ....
നാലോ അഞ്ചോ വീടു വെച്ച് അതിൻറെയൊക്കെ ഷോക്കേസ് നിറയ്ക്കാനുള്ളത്ര തന്തയ്ക്കു വിളികളും മക്കളുടെയും ഭാര്യയുടെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും കലവറയില്ലാത്ത സ്നേഹവുമാണ് ഈയുള്ളവന് ആകെയുള്ള സമ്പാദ്യം. .....
ആ അമൂല്യനിധിയിൽ അഹങ്കരിക്കുന്ന ഞാന്‍ മുപ്പത്തിയഞ്ച് സംവൽസരം ഈ ലോകത്ത് പൂർത്തിയാക്കിയിരിക്കുന്നു.....
ഈ സന്തോഷം(സങ്കടവും) പങ്കുവെച്ച് പുതിയ തീരുമാനങ്ങളൊന്നും തന്നെ എൻറെ പ്രകടനപത്രികയിൽ പ്രഖ്യാപിക്കുന്നില്ല.....
ഇത്രയും കാലം ജീവിച്ച എല്ലാ സ്വഭാവവിശേഷങ്ങളും ഇനിയുമുണ്ടാകും....
നിങ്ങളുടെ സ്നേഹമഴ പെയ്തുകൊണ്ടെയിരിക്കട്ടെ
നിത്യവും എൻറെ മേൽ എന്നും ആഗ്രഹിക്കുന്നു. ...
നന്ദി
നല്ല നമസ്ക്കാരം. .....
നിങ്ങളുടെ
ഷാഫി മുഹമ്മദ് റാവുത്തര്‍.
**********************
ആലപ്പുഴ ജില്ലയുടെ
കിഴക്കൻ വനാന്തരങ്ങളിൽ
മാത്രം കാണപ്പെടുന്നു.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഇനം...
"മുഹമ്മദ് ഇസ്മായിൽ റാവുത്തേഴ്സ് ബ്ലണ്ടർ" എന്ന് ശാസ്ത്രനാമം...
ആക്രമണസ്വഭാവം കൂടുതലായതിനാൽ
കെട്ടിയിട്ട് വളർത്തുന്നു...

നിരഞ്ജന്‍....നിനക്ക്

കോട്ടപോലെ
കരുത്താവണം...
കടലുപോലെ
അലയടിക്കണം
അഗ്നിപോലെ...
ജ്വലിച്ചുയരണം
കനകംപോലെ
പ്രഭപടർത്തണം
ഗീതംപോലെ
ചുണ്ടിൽതത്തണം
സ്വപ്നംപോലെ
മനംനിറയ്ക്കണം

നിരഞ്ജൻ...
നിന്നോർമ്മകൾ
മരിക്കാതെ
ഞങ്ങളിൽ
നീറിനീറി
നിൽക്കണം....
ജയ്...ഹിന്ദ്

മൈ ജീവന്‍ടോണ്‍

കട്ടത്തെെരൊഴിച്ച്
കാന്താരിയൊടച്ച്
ചീനിവേവിച്ചതും
മീൻകറിയും
അച്ചാറുമിട്ട്...
ചുവന്നുള്ളിയും
കടിച്ചുകൂട്ടി
സുഖീച്ചുകഴിച്ചിരുന്ന
പഴങ്കഞ്ഞി
നിഷേധിക്കപ്പെട്ടതിനോളം
കടുത്ത
മനുഷ്യാവകാശ
പ്രശ്നമൊന്നും
ഈ ആയുസ്സിൽ
ഞാൻ
അനുഭവിച്ചിട്ടില്ല....
.

ഫിസ്റ്റുല



(ഇതൊരു സംഭവകഥയാണ്... എൻറെ ജീവിതത്തിൽ സംഭവിച്ച അനേകമബദ്ധങ്ങളിൽ ഒന്നിൻറെ ഒരു സംപ്രേഷണം...)
പതിനെട്ടോ പത്തൊൻപതോ വയസ്സു പ്രായം... നാടുനീളെ നടന്ന് ലെെനടിക്കുന്ന
കാലമാണ്... കുരുത്തുവരുന്ന സാമാന്യം നല്ലമീശയും കുരുവിക്കൂടുപോലെയുള്ള ഫാഷനിൽ ചീകിവെച്ച മുടിയും സിറ്റിമാൻറെ എക്സിക്യൂട്ടീവ് ഷർട്ടും
പാരൽബാഗി പാൻറും ചകിരിയും സോപ്പുമിട്ട് തേച്ചുതേച്ചു കുട്ടപ്പനാക്കിയ നീലവാറുള്ള പാരഗൺ ചെരുപ്പുമിട്ട്
അണിഞ്ഞൊരുങ്ങി... മൂന്നുവട്ടം കുട്ടിക്ക്യൂറാ പൗഡർ പൂശിയിട്ടും തൃപ്തിയാവുന്നില്ല... പലവട്ടം കണ്ണാടി നോക്കി, കൊള്ളാം ഒരു സ്റ്റെെലൊക്കെയുണ്ട് തലേദിവസം രാത്രി കുത്തിയിരുന്ന് നാലുകാമുകൻമാർക്കായി എഴുതി തയ്യാറാക്കിയ സാഹിത്യം നിറഞ്ഞ മയിൽപീലികളാലും വളപ്പൊട്ടുകളാലും
അലങ്കരിച്ച ലൗലെറ്ററുകൾ എടുത്ത് കവറിലിട്ടു.(അന്നത്തെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു അത് "ആർട്ടിസ്റ്റിക് ലൗലെറ്റർ" കലയും സാഹിത്യവും കുത്തിനിറച്ച ഒരെണ്ണം വെറും മുപ്പതു രൂപ. അടുത്ത കൂട്ടുകാർക്ക് അഞ്ചുരൂപ ഡിസ്കൗണ്ട് ഉണ്ട് വിദേശരാജ്യങ്ങളായ കരിമുളയ്ക്കൽ ,നൂറനാട്,വെട്ടിയാർ,താമരക്കുളം,ആനയടി,കായംകുളം,മാവേലിക്കര എന്നിവടങ്ങളിൽ നിന്ന് പോലും കനപ്പെട്ട ഓർഡർ കിട്ടിയിരുന്നു)
ഒരുങ്ങിയിരിക്കാൻ തുടങ്ങീട്ട് പത്തു മിനിട്ടായി സെമീർ വരുമെന്ന് പറഞ്ഞതാണ്... കാണുന്നില്ല കാത്തിരുന്നു
അഞ്ചുമിനിട്ടുകൂടി കഴിഞ്ഞു അതാ പച്ച ഹെർക്കുലീസ് സെെക്കളിലവൻ വരുന്നു
സെമീർ.. എൻറെയടുത്തുവന്നു സെെക്കിൾ
സ്ലോചെയ്തു. ഞാൻ പിറകിലെ കാരിയറിൽ ചാടിക്കയറിയിരുന്നു...
പെട്ടന്ന് ചന്തിയിൽ(ആവശ്യക്കാർക്ക് കുണ്ടീന്നും വായിക്കാം ട്ടോ) നിന്നും ഉച്ചിയിലേക്കൊരു മിന്നൽപിണർ...
കടുത്ത വേദന കാരിയറിലെങ്ങാനും
കമ്പിവല്ലതുമുണ്ടോ.... നോക്കി ...
ഇല്ല കമ്പിയൊന്നുമില്ല ....
ആശങ്ക.... എന്തുപറ്റിയെൻറെ ചന്തിയ്ക്ക്...?
കലശലായ വേദന എന്തുചെയ്യും....
ഡോക്ടറെ കണ്ടാലോ... കാണാം
കാണണം ഒന്നുമല്ലേലും ചന്തിയല്ലേ...
വല്ല കിഡ്നിയോ ഹാർട്ടോ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു...
നാലു കാമുകൻമാർക്കുമുള്ള ലൗലെറ്റർ
കൊടുത്തു രണ്ടുപേര് മൊത്തം കാശ്തന്നു
ഒരുത്തൻ ഇരുപതു രൂപ തന്നു ഒരുത്തൻ
കടംപറഞ്ഞു...(ആ കാശ് ഇന്നുവരെ കിട്ടിയിട്ടില്ല ആ തെണ്ടി ഈ ഗ്രൂപ്പിലുണ്ട്) എൺപതു രൂപയുമായി ലെപ്രസി സാനട്ടോറിയത്തിലെ സർജൻ ഡോക്ടർ അനീഷിനെ പോയി കണ്ടു..
ഡോക്ടർ വിശദമായി പരിശോധിച്ചു..
ചന്തിയിൽ ഒരു പരു വന്നതാണ്...
ഇപ്പം കീറിത്തരാം...
ഞാനകത്തുപോയി വസ്ത്രം മാറി ടേബിളിൽ കമഴ്ന്നുകിടന്നു...
ഡോക്ടർ പരു കീറി വൃത്തിയായി മരുന്ന് വച്ച് ഡ്രസ്ചെയ്ത് തന്നു ...
സെെക്കിളിൽ കയറാൻ പറ്റാതെ കുണ്ടിക്ക്
വെടികൊണ്ട സലീം കുമാറിനെപ്പോലെ
ആശുപത്രിയിൽ നിന്നും വീടുവരെ ഞാൻ
സെമീറിനൊപ്പം സെെക്കിളുമുരുട്ടി നടന്നു... വഴിയിൽ കണ്ട പരിചയക്കാരോടെല്ലാം ഇങ്ങനെ നടക്കുന്നതിൻറെ കാരണം പറഞ്ഞ് മടുത്തു.... വീട്ടിൽ വന്നപ്പോൾ അമ്മായുടെയും പെങ്ങൻമാരുടെയും വക കരച്ചിൽ... ഹോ ഇതിലും ഭേദം ആ പരു പൊട്ടിത്തെറിച്ചങ്ങ് ചത്താൽ മതിയാരുന്നു... എൻറെ ആത്മഗതം...
ഒന്നരയാഴ്ച കട്ടിലിൽ കമഴ്ന്നുകിടന്ന് മുറിവ് കരിഞ്ഞു... ഹാ അടിപൊളി...
പിന്നെ ഒാടി ചാടി ക്രിക്കറ്റ് കളിച്ചു...
********************************************
ഒരു വർഷം കഴിഞ്ഞു...
പഴയ പരു കീറിയതിൻറെ വാർഷികമാവുന്നതു കൊണ്ടാവും
അവിടെയൊരു വേദന...
സഹിക്കാനാവുന്നില്ല ഒന്നു രണ്ടു ദിവസം കൊണ്ടു നടന്നു... വേദനയ്ക്ക് ശമനമില്ല...
വീണ്ടും പഴേപോലെ
സെമീർ.... സെെക്കിൾ... അനീഷ് ഡോക്ടർ...
ഡോക്ടറുടെ അടുത്ത് അവശനായി ഞാൻ
ചെന്നിരുന്നു എനിക്കായിട്ടിരുന്ന സ്റ്റൂളിൽ ചന്തിയുടെ "ദക്ഷിണാർദ്ധഗോളം" മാത്രം
പതുക്കെ വച്ച് ഞാനിരുന്നു...
ഡോക്ടർ ചോദിച്ചു എന്താ പ്രശ്നം...?
സർ ചന്തിയിയിൽ കഴിഞ്ഞവർഷമൊരു
പരു വന്നിരുന്നു....
ഇയ്യാളെന്തൊരു മനുഷ്യനാടോ
കഴിഞ്ഞ വർഷം വന്ന പരുകാണിക്കാൻ
ഇപ്പഴാണോ വരുന്നത്....
ഡോക്ടർ ചൂടായി...
അല്ല സാർ... ഞാനൊന്ന് പറഞ്ഞോട്ടെ
കഴിഞ്ഞ വർഷം വന്ന പരു ഡോക്ടർ
തന്നെയാ കീറിയത് മരുന്നും വെച്ച് അതങ്ങ് പൊറുത്തു...
പിന്നെ ഇപ്പഴും വന്നു ഒരെണ്ണം
വീണ്ടും .... അതും പഴേ ആ. സ്ഥാനത്ത്...
ഉം.... ഡോക്ടറൊന്ന് ഇരുത്തിമൂളി...
എനിക്ക് ഇത് ഫിസ്റ്റുലയാണോന്നൊരു
സംശയമുണ്ട്... ഒരു സർജറി തന്നെ വേണ്ടിവരും....
ഫിസ്റ്റുലയോ.... സർജറിയോ....
എന്താണ് സാർ എനിക്ക്...
വല്ല മാറാ രോഗവും....?
പേടിക്കാതെടോ...
ഇതൊരു സാധാരണ അസുഖമാണ്...
മലദ്വാരത്തിന് പാരലലായി മറ്റൊന്ന്...
ചുരുക്കിപ്പറഞ്ഞാൽ അതാണ് ഫിസ്റ്റുല...
ആ ആശങ്കകൾക്കിടയിലും എൻറെ
ചിന്ത കാടുകയറി....
മറ്റൊരു മലദ്വാരമോ....
എൻറെയീ ഒടുക്കത്തെ തീറ്റി കണ്ടിട്ട്...
"ഇവന് രണ്ട് മലദ്വാരത്തിൻറെ ആവശ്യമുണ്ടെന്ന് തോന്നി പടച്ചവൻ അനുഗ്രഹിച്ചതാണോ"
ഹയ്യോ പടച്ചോനേ.... ഇത് വല്ലാത്തൊരനുഗ്രഹമായിപ്പോയി...
ഇയ്യാളെന്താടോ ആലോചിക്കുന്നേ...
പോയി അകത്തെ മുറിയിലെ ടേബിളിൽ പോയി കിടക്ക്.... ഞാനൊന്ന് പരിശോധിക്കട്ടെ....
ഡോക്ടർ ദേഷ്യപ്പെട്ടു...
ഞാനോടി.. ടേബിളിൽ പോയി കിടന്നു....
എടോ ഇങ്ങനെയാണോ കിടക്കുന്നേ ....
മുണ്ടും ജട്ടിയുമഴിച്ചിട്ട് കിടക്കടോ....
ഡോക്ടർ തകർക്കുകയാണ്...
മനസില്ലാമനസ്സോടെ വസ്ത്രമഴിച്ച് ഞാൻ
ടേബിളിൽ കിടന്നു... ടേബിളിൻറെ രണ്ടു
വശത്തും കാലുപൊക്കി വെക്കാവുന്ന
രണ്ടു സ്റ്റാൻറ് ഘടിപ്പിച്ചിട്ടുണ്ട്... അതിലേക്ക് എൻറെ
കാലു പൊക്കിവച്ച് ബൽറ്റിട്ട് ഒട്ടിച്ചു...
കാലനക്കാൻ പറ്റില്ല...
ഡോക്ടർ ഗ്ലൗസ് വലിച്ചുകയറ്റിയിട്ടിട്ട് കുറച്ചു പഞ്ഞിയിൽ സ്പിരിറ്റൊഴിച്ച് തുടച്ചു....
എന്നിട്ട് തൊട്ടടുത്ത വശത്തുള്ള കതക് തുറന്നു.....
എല്ലാരും വാ....
ബഹളമുണ്ടാക്കാതെ അവിടെ ഒതുങ്ങി നിൽക്ക്...
ഡോക്ടർ പറയുകയാണ്..
ഞാൻ വശത്തേക്ക് തലചെരിച്ചൊന്ന്
പാളി നോക്കി.....
പതിനെട്ടുമിരുപതും വയസ് പ്രായമുള്ള
പത്തുപതിനഞ്ച് പെൺപിള്ളേർ...
അയ്യോ.... ഷർട്ടിൻറെ തുമ്പ് വലിച്ചിട്ട്
നഗ്നതമറയ്ക്കാനൊരു വിഫലശ്രമം....
കാലനക്കാനാവുന്നില്ല....
ബന്ധനസ്ഥൻറെ നിസ്സഹായത....
വെട്ടിക്കോട് സെൻറ് തോമസ് ഹോസ്പിറ്റലിലെ നഴ്സിംഗ് സ്റ്റുഡൻറ്സാണ്...
അവരെല്ലാം മുറിയുടെ വശത്തേക്ക് മാറിനിന്നു... ഡോക്ടർ നീളമുള്ളൊരു വടിയെടുത്ത് എൻറെ പരുവിൽ ചൂണ്ടി പഠിപ്പിക്കാൻ തുടങ്ങി....
ഇതാണ്...
ഫിസ്റ്റുല
മലദ്വാരത്തിനടുത്ത് ഒരു കുരു പോലെ
വന്നുപൊട്ടും മലദ്വാരത്തിൽനിന്നും
ഒരു ചാൽ രൂപാന്തരപ്പെടും...
ഡോക്ടർ കത്തിക്കയറുകയാണ്...
എൻറെ നഗ്നത നോക്കി ആ പെൺകുട്ടികൾ നോട്ടു കുറിക്കുന്നു....
തൊണ്ടയിലെ വെള്ളം വറ്റി...
ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കിലെന്നു വരെ തോന്നി...
ഇവിടെ വരാൻ തോന്നിയ നിമിഷത്തിനെ
കോടിക്കോടിത്തവണ ശപിച്ചു..
കെട്ടിയുയർത്തിയ അഹങ്കാരത്തിൻറെയും
ആത്മവിശ്വാസത്തിൻറെയും
കോട്ടകളൊന്നായി തകർന്നു വീഴുന്നത്
ഞാനറിഞ്ഞു...
ബോധക്കേടിൻറെയും ബോധത്തിൻറെയും
നൂൽപാലത്തിലൂടെ....
ആടിയുലഞ്ഞ് തളർന്നു ഞാൻ സഞ്ചരിച്ചു....
"പരിശോധന"കഴിഞ്ഞിറങ്ങിയപ്പോൾ
വെളിയിൽ നിന്ന സെമീർ ചോദിച്ചു
എങ്ങനെയുണ്ട്.... ഡോക്ടർ എന്തു പറഞ്ഞു...?
മനസ്സിലുള്ള ദേഷ്യം മുഴുവനെടുത്തൊരു
പച്ചത്തെറിയായിരുന്നു... എൻറെ മറുപടി...
പിന്നെ രണ്ടുമാസമെടുത്തു... ഞാനൊന്ന്
നോർമ്മലാവാൻ....
അടൂരുള്ളൊരു ഹോസ്പിറ്റലിൽ സർജറി നടത്തി ആ പ്രശ്നം പരിഹരിച്ചെങ്കിലും ചില നഴ്മാരെ കാണുമ്പോൾ ഇപ്പോഴുമൊരു ശങ്കയുണ്ട്....
അന്ന് ആ കൂട്ടത്തിൽ ഇവരുണ്ടായിരുന്നോ....?
ആ.... ശങ്ക ഇന്നും തുടരുന്നു....
ഷാഫി മുഹമ്മദ് റാവുത്തർ

അവസാന വിജയി....???


ചോര ചീറ്റിത്തെറുപ്പിച്ച്
...
പാളത്തിലുരുളുന്ന
ശിരസ്സ്‌....
തീവണ്ടി ചക്രം....
കൊത്തിനുറുക്കിയിട്ട
ഉടല്‍......
മരക്കൊമ്പില്‍
തൂങ്ങിയാടുന്ന
ദേഹം ......
മുറിഞ്ഞുതൂങ്ങുന്ന
രക്തധമനി....
പതനുരച്ച
മുഖത്തിനരികെ
പാതിയുണ്ടോരത്താഴപ്പാത്രം...
പേരിതിനാത്മഹത്യ....
ചരമപ്പേജിലെ
ഒരൊറ്റക്കോളം
വാര്‍ത്ത...
പരാജിതമനസ്സിന്‍റെ
വിജയത്തിനായുള്ള
അവസാനക്കളി...
പ്രണയവും....
കടവും ...
ശിഥിലബന്ധങ്ങളും...
ജയിക്കാതിരിക്കുവാന്‍
നിറമില്ലാ ഹൃദയത്തില്‍
നിറയുന്നോരാശയം...
ദുരന്തചിത്രം
കണ്ടു തരിച്ചു നില്‍ക്കും
നാവുകള്‍
മൊഴിയും
ആത്മഹത്യ
കൊടുംപാപം....
പറഞ്ഞുതീരും
മുന്പതാ....
പൊട്ടക്കുളത്തിലൊരു
അനാഥപ്രേതം....
മീന്‍ കൊത്തിയെടുത്ത
കണ്ണും...
വീര്‍ത്തവയറുമായ്
അഴുകിയ
ചുണ്ടുകളാല്‍
ചിരിച്ചുകൊണ്ടങ്ങനെ...

എനിക്കെഴുതണം....


എനിക്കെഴുതണം....
നിലാവിന്‍റെ
തണുത്ത
പുതപ്പിനുള്ളില്‍
നൂണ്ടുകയറി
ഗതിയില്ലാതലയുന്ന
മേഘങ്ങളെപ്പറ്റി....
എനിക്കെഴുതണം
ചലനംനിലച്ച
രക്തധമനികള്‍
മോഹങ്ങളറ്റ
നയനദ്വയങ്ങള്‍
ഊഷരമായ
പവിഴാധാരങ്ങള്‍
ചൂടകന്നുപോയ
നിമ്നോന്നതങ്ങള്‍
ഓര്‍മ്മയെ
മൃതമാക്കുമാ
മഹാസത്യം
മരണത്തെക്കുറിച്ച് .....
എനിക്കെഴുതണം
വാപൊളിച്ചലറുന്ന
നിഷാദക്കാഴ്ചകള്‍
സത്യം മരിക്കുന്ന
വിഭ്രമരംഗങ്ങള്‍
ചോരയെ
കൊല്ലുന്ന
പ്രത്യയശാസ്ത്രങ്ങള്‍
സമത്വം
പുല്ലരുന്ന
മായികക്കാഴ്ചകള്‍
സ്നേഹം
നിറയുന്ന
നാളെകള്‍
കാലങ്ങളോടി
കയറുന്നരോമല്‍
പടവുകള്‍.....
എനിക്കെഴുതണം
ഹൃദയത്തില്‍നിന്നുതിരുന്ന
ചോദ്യങ്ങളെല്ലാം
എനിക്കെഴുതണം
കണ്മുന്നില്‍
കാണുന്ന
കാഴ്ചകളെല്ലാം
എനിക്കെഴുതണം
എനിക്കെഴുതണം
എനിക്കെഴുതണം
എന്‍റെ
കരളിലെ
പിടച്ചില്‍
നിലയ്ക്കുവോളം....

മുഖപുസ്തകം


മുഖപുസ്തകം...
ചിലർക്കൊരു
തെരുവ്...
പലവിധ
ഭരണികളിൽ
നിരത്തിയ
മധുരമിഠായികൾ
കണ്ട്...
തിരക്കിലലിഞ്ഞങ്ങനെ
ചിലർ....
ചിലർക്കതൊരു
ഉൽസവപ്പറമ്പാണ്...
ബലൂണും
വളകളും
പീപ്പിയും...
വെടിക്കെട്ടും
ദൂരെ
മാറിയൊരു
വേദിയിൽ
നിറയെ
നാടകവും
മിമിക്രിയുമൊക്കെ...
കടലകൊറിച്ച്
കഥപറഞ്ഞങ്ങനെ...
നടക്കാമിവിടെ....
മുഖപുസ്തകം
ഒരേസമയം
ദേവാലയവും
പുസ്തകശാലയും
രാഷ്ട്രീയപ്രസംഗം
നിറയുന്ന കവലയും
മീൻചന്തയും
പാർക്കും
സിനിമാശാലയും
ആശുപത്രിയുമൊക്കെയാകും...
പക്ഷേ
ചിലരിതിൻറെ
പുറത്തുള്ള
ബോർഡുകൾ
എടുത്തു
മാറ്റിയതിൽ
വേശ്യാലയവും
തുടങ്ങും...
ചുരുക്കത്തിലിതാണ്
ലോകം....
മുഖംമൂടിയിട്ടവരോട്
മുഖമുള്ളവർ
പൊരുതുന്ന
വെർച്വൽ ലോകം....
**********************************************************************