Thursday, February 4, 2016

മർദ്ദിതൻറെ കാലം


നിലമൊരുക്കി...
തടമിളക്കി
നട്ടു നനച്ച്
പൂവ്കായ്ക്കുമ്പോഴൊരു
സന്തോഷമാണ്...

ആദ്യപടല
മൂത്തമോൻ
ചേന്നന്...
താഴേക്ക്
താഴേക്ക്
ഉൗഴമിട്ടൂഴമിട്ട്
കാളിയും
വെളുമ്പിയും
ഒടുക്കത്തേത്
പൊന്നരുമ
തിരുതയ്ക്കും...
കൊലവെളഞ്ഞ്
വെളഞ്ഞങ്ങനെ
മുഴുത്തുവരുമ്പോഴൊരു
ആഞ്ഞിലിക്കമ്പിനൊത
കൊടുക്കണം....
സ്വപ്നവുംകണ്ട്
കിഴക്കേഅയ്യത്ത്
വെളിക്കിരിക്കുമ്പോഴാണ്
തമ്പ്രാൻറെ കാര്യസ്ഥൻ
വന്ന് കയ്യൂക്ക് കാണിച്ചത്...
വെട്ടോത്തിക്ക്
ആഞ്ഞോങ്ങിയൊരുവെട്ട്...
കൊലയെടുത്ത്
തോളേലിട്ട
കാര്യക്കാരൻ
ആയാസപ്പെട്ടത്
കൊണ്ട്വോകുന്നതുകണ്ട്
നിസംഗനായി
ഇന്നുമതേയിരിപ്പാണ്...
കടിച്ചീമ്പി മരത്തേൽ
കെട്ടിത്തൂക്കിയാലും
പച്ചയ്ക്ക് കൊളുത്തി
ചലിക്കുന്ന തീപ്പന്തമാക്കിയാലും
ഉടുതുണിയുരിഞ്ഞെറിഞ്ഞ്
തെരുവിൽ കൊണ്ടോയി
നിരത്തിയാലും
ഞങ്ങടെ പിഞ്ചുകളെ
കൊന്നാലും
തിന്നാലും
ഇന്നുമതേയിരിപ്പാണ്...
നിസംഗനായി...
നിസംഗതയൊരു
മഹാവാൽമീകമാണ്
സങ്കടങ്ങളമർഷങ്ങൾ
അവഗണനകൾ തിക്കിത്തിരക്കി
മർദ്ദമേറിയ വാൽമീകം...
പുറന്തോടുപൊട്ടി
ചിതറിയാലന്നൊടുങ്ങും
സവർണ്ണസ്ഫടിക
ഹർമ്മ്യങ്ങളൊക്കെയും...
കാത്തിരിക്കാം മർദ്ദിതൻറെ
അവസാനകുതറിപ്പിടച്ചിലീന്
കാലം കുറിച്ച മുഹുർത്തത്തിനായ്...

No comments:

Post a Comment