Thursday, February 4, 2016

ഫിസ്റ്റുല



(ഇതൊരു സംഭവകഥയാണ്... എൻറെ ജീവിതത്തിൽ സംഭവിച്ച അനേകമബദ്ധങ്ങളിൽ ഒന്നിൻറെ ഒരു സംപ്രേഷണം...)
പതിനെട്ടോ പത്തൊൻപതോ വയസ്സു പ്രായം... നാടുനീളെ നടന്ന് ലെെനടിക്കുന്ന
കാലമാണ്... കുരുത്തുവരുന്ന സാമാന്യം നല്ലമീശയും കുരുവിക്കൂടുപോലെയുള്ള ഫാഷനിൽ ചീകിവെച്ച മുടിയും സിറ്റിമാൻറെ എക്സിക്യൂട്ടീവ് ഷർട്ടും
പാരൽബാഗി പാൻറും ചകിരിയും സോപ്പുമിട്ട് തേച്ചുതേച്ചു കുട്ടപ്പനാക്കിയ നീലവാറുള്ള പാരഗൺ ചെരുപ്പുമിട്ട്
അണിഞ്ഞൊരുങ്ങി... മൂന്നുവട്ടം കുട്ടിക്ക്യൂറാ പൗഡർ പൂശിയിട്ടും തൃപ്തിയാവുന്നില്ല... പലവട്ടം കണ്ണാടി നോക്കി, കൊള്ളാം ഒരു സ്റ്റെെലൊക്കെയുണ്ട് തലേദിവസം രാത്രി കുത്തിയിരുന്ന് നാലുകാമുകൻമാർക്കായി എഴുതി തയ്യാറാക്കിയ സാഹിത്യം നിറഞ്ഞ മയിൽപീലികളാലും വളപ്പൊട്ടുകളാലും
അലങ്കരിച്ച ലൗലെറ്ററുകൾ എടുത്ത് കവറിലിട്ടു.(അന്നത്തെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു അത് "ആർട്ടിസ്റ്റിക് ലൗലെറ്റർ" കലയും സാഹിത്യവും കുത്തിനിറച്ച ഒരെണ്ണം വെറും മുപ്പതു രൂപ. അടുത്ത കൂട്ടുകാർക്ക് അഞ്ചുരൂപ ഡിസ്കൗണ്ട് ഉണ്ട് വിദേശരാജ്യങ്ങളായ കരിമുളയ്ക്കൽ ,നൂറനാട്,വെട്ടിയാർ,താമരക്കുളം,ആനയടി,കായംകുളം,മാവേലിക്കര എന്നിവടങ്ങളിൽ നിന്ന് പോലും കനപ്പെട്ട ഓർഡർ കിട്ടിയിരുന്നു)
ഒരുങ്ങിയിരിക്കാൻ തുടങ്ങീട്ട് പത്തു മിനിട്ടായി സെമീർ വരുമെന്ന് പറഞ്ഞതാണ്... കാണുന്നില്ല കാത്തിരുന്നു
അഞ്ചുമിനിട്ടുകൂടി കഴിഞ്ഞു അതാ പച്ച ഹെർക്കുലീസ് സെെക്കളിലവൻ വരുന്നു
സെമീർ.. എൻറെയടുത്തുവന്നു സെെക്കിൾ
സ്ലോചെയ്തു. ഞാൻ പിറകിലെ കാരിയറിൽ ചാടിക്കയറിയിരുന്നു...
പെട്ടന്ന് ചന്തിയിൽ(ആവശ്യക്കാർക്ക് കുണ്ടീന്നും വായിക്കാം ട്ടോ) നിന്നും ഉച്ചിയിലേക്കൊരു മിന്നൽപിണർ...
കടുത്ത വേദന കാരിയറിലെങ്ങാനും
കമ്പിവല്ലതുമുണ്ടോ.... നോക്കി ...
ഇല്ല കമ്പിയൊന്നുമില്ല ....
ആശങ്ക.... എന്തുപറ്റിയെൻറെ ചന്തിയ്ക്ക്...?
കലശലായ വേദന എന്തുചെയ്യും....
ഡോക്ടറെ കണ്ടാലോ... കാണാം
കാണണം ഒന്നുമല്ലേലും ചന്തിയല്ലേ...
വല്ല കിഡ്നിയോ ഹാർട്ടോ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു...
നാലു കാമുകൻമാർക്കുമുള്ള ലൗലെറ്റർ
കൊടുത്തു രണ്ടുപേര് മൊത്തം കാശ്തന്നു
ഒരുത്തൻ ഇരുപതു രൂപ തന്നു ഒരുത്തൻ
കടംപറഞ്ഞു...(ആ കാശ് ഇന്നുവരെ കിട്ടിയിട്ടില്ല ആ തെണ്ടി ഈ ഗ്രൂപ്പിലുണ്ട്) എൺപതു രൂപയുമായി ലെപ്രസി സാനട്ടോറിയത്തിലെ സർജൻ ഡോക്ടർ അനീഷിനെ പോയി കണ്ടു..
ഡോക്ടർ വിശദമായി പരിശോധിച്ചു..
ചന്തിയിൽ ഒരു പരു വന്നതാണ്...
ഇപ്പം കീറിത്തരാം...
ഞാനകത്തുപോയി വസ്ത്രം മാറി ടേബിളിൽ കമഴ്ന്നുകിടന്നു...
ഡോക്ടർ പരു കീറി വൃത്തിയായി മരുന്ന് വച്ച് ഡ്രസ്ചെയ്ത് തന്നു ...
സെെക്കിളിൽ കയറാൻ പറ്റാതെ കുണ്ടിക്ക്
വെടികൊണ്ട സലീം കുമാറിനെപ്പോലെ
ആശുപത്രിയിൽ നിന്നും വീടുവരെ ഞാൻ
സെമീറിനൊപ്പം സെെക്കിളുമുരുട്ടി നടന്നു... വഴിയിൽ കണ്ട പരിചയക്കാരോടെല്ലാം ഇങ്ങനെ നടക്കുന്നതിൻറെ കാരണം പറഞ്ഞ് മടുത്തു.... വീട്ടിൽ വന്നപ്പോൾ അമ്മായുടെയും പെങ്ങൻമാരുടെയും വക കരച്ചിൽ... ഹോ ഇതിലും ഭേദം ആ പരു പൊട്ടിത്തെറിച്ചങ്ങ് ചത്താൽ മതിയാരുന്നു... എൻറെ ആത്മഗതം...
ഒന്നരയാഴ്ച കട്ടിലിൽ കമഴ്ന്നുകിടന്ന് മുറിവ് കരിഞ്ഞു... ഹാ അടിപൊളി...
പിന്നെ ഒാടി ചാടി ക്രിക്കറ്റ് കളിച്ചു...
********************************************
ഒരു വർഷം കഴിഞ്ഞു...
പഴയ പരു കീറിയതിൻറെ വാർഷികമാവുന്നതു കൊണ്ടാവും
അവിടെയൊരു വേദന...
സഹിക്കാനാവുന്നില്ല ഒന്നു രണ്ടു ദിവസം കൊണ്ടു നടന്നു... വേദനയ്ക്ക് ശമനമില്ല...
വീണ്ടും പഴേപോലെ
സെമീർ.... സെെക്കിൾ... അനീഷ് ഡോക്ടർ...
ഡോക്ടറുടെ അടുത്ത് അവശനായി ഞാൻ
ചെന്നിരുന്നു എനിക്കായിട്ടിരുന്ന സ്റ്റൂളിൽ ചന്തിയുടെ "ദക്ഷിണാർദ്ധഗോളം" മാത്രം
പതുക്കെ വച്ച് ഞാനിരുന്നു...
ഡോക്ടർ ചോദിച്ചു എന്താ പ്രശ്നം...?
സർ ചന്തിയിയിൽ കഴിഞ്ഞവർഷമൊരു
പരു വന്നിരുന്നു....
ഇയ്യാളെന്തൊരു മനുഷ്യനാടോ
കഴിഞ്ഞ വർഷം വന്ന പരുകാണിക്കാൻ
ഇപ്പഴാണോ വരുന്നത്....
ഡോക്ടർ ചൂടായി...
അല്ല സാർ... ഞാനൊന്ന് പറഞ്ഞോട്ടെ
കഴിഞ്ഞ വർഷം വന്ന പരു ഡോക്ടർ
തന്നെയാ കീറിയത് മരുന്നും വെച്ച് അതങ്ങ് പൊറുത്തു...
പിന്നെ ഇപ്പഴും വന്നു ഒരെണ്ണം
വീണ്ടും .... അതും പഴേ ആ. സ്ഥാനത്ത്...
ഉം.... ഡോക്ടറൊന്ന് ഇരുത്തിമൂളി...
എനിക്ക് ഇത് ഫിസ്റ്റുലയാണോന്നൊരു
സംശയമുണ്ട്... ഒരു സർജറി തന്നെ വേണ്ടിവരും....
ഫിസ്റ്റുലയോ.... സർജറിയോ....
എന്താണ് സാർ എനിക്ക്...
വല്ല മാറാ രോഗവും....?
പേടിക്കാതെടോ...
ഇതൊരു സാധാരണ അസുഖമാണ്...
മലദ്വാരത്തിന് പാരലലായി മറ്റൊന്ന്...
ചുരുക്കിപ്പറഞ്ഞാൽ അതാണ് ഫിസ്റ്റുല...
ആ ആശങ്കകൾക്കിടയിലും എൻറെ
ചിന്ത കാടുകയറി....
മറ്റൊരു മലദ്വാരമോ....
എൻറെയീ ഒടുക്കത്തെ തീറ്റി കണ്ടിട്ട്...
"ഇവന് രണ്ട് മലദ്വാരത്തിൻറെ ആവശ്യമുണ്ടെന്ന് തോന്നി പടച്ചവൻ അനുഗ്രഹിച്ചതാണോ"
ഹയ്യോ പടച്ചോനേ.... ഇത് വല്ലാത്തൊരനുഗ്രഹമായിപ്പോയി...
ഇയ്യാളെന്താടോ ആലോചിക്കുന്നേ...
പോയി അകത്തെ മുറിയിലെ ടേബിളിൽ പോയി കിടക്ക്.... ഞാനൊന്ന് പരിശോധിക്കട്ടെ....
ഡോക്ടർ ദേഷ്യപ്പെട്ടു...
ഞാനോടി.. ടേബിളിൽ പോയി കിടന്നു....
എടോ ഇങ്ങനെയാണോ കിടക്കുന്നേ ....
മുണ്ടും ജട്ടിയുമഴിച്ചിട്ട് കിടക്കടോ....
ഡോക്ടർ തകർക്കുകയാണ്...
മനസില്ലാമനസ്സോടെ വസ്ത്രമഴിച്ച് ഞാൻ
ടേബിളിൽ കിടന്നു... ടേബിളിൻറെ രണ്ടു
വശത്തും കാലുപൊക്കി വെക്കാവുന്ന
രണ്ടു സ്റ്റാൻറ് ഘടിപ്പിച്ചിട്ടുണ്ട്... അതിലേക്ക് എൻറെ
കാലു പൊക്കിവച്ച് ബൽറ്റിട്ട് ഒട്ടിച്ചു...
കാലനക്കാൻ പറ്റില്ല...
ഡോക്ടർ ഗ്ലൗസ് വലിച്ചുകയറ്റിയിട്ടിട്ട് കുറച്ചു പഞ്ഞിയിൽ സ്പിരിറ്റൊഴിച്ച് തുടച്ചു....
എന്നിട്ട് തൊട്ടടുത്ത വശത്തുള്ള കതക് തുറന്നു.....
എല്ലാരും വാ....
ബഹളമുണ്ടാക്കാതെ അവിടെ ഒതുങ്ങി നിൽക്ക്...
ഡോക്ടർ പറയുകയാണ്..
ഞാൻ വശത്തേക്ക് തലചെരിച്ചൊന്ന്
പാളി നോക്കി.....
പതിനെട്ടുമിരുപതും വയസ് പ്രായമുള്ള
പത്തുപതിനഞ്ച് പെൺപിള്ളേർ...
അയ്യോ.... ഷർട്ടിൻറെ തുമ്പ് വലിച്ചിട്ട്
നഗ്നതമറയ്ക്കാനൊരു വിഫലശ്രമം....
കാലനക്കാനാവുന്നില്ല....
ബന്ധനസ്ഥൻറെ നിസ്സഹായത....
വെട്ടിക്കോട് സെൻറ് തോമസ് ഹോസ്പിറ്റലിലെ നഴ്സിംഗ് സ്റ്റുഡൻറ്സാണ്...
അവരെല്ലാം മുറിയുടെ വശത്തേക്ക് മാറിനിന്നു... ഡോക്ടർ നീളമുള്ളൊരു വടിയെടുത്ത് എൻറെ പരുവിൽ ചൂണ്ടി പഠിപ്പിക്കാൻ തുടങ്ങി....
ഇതാണ്...
ഫിസ്റ്റുല
മലദ്വാരത്തിനടുത്ത് ഒരു കുരു പോലെ
വന്നുപൊട്ടും മലദ്വാരത്തിൽനിന്നും
ഒരു ചാൽ രൂപാന്തരപ്പെടും...
ഡോക്ടർ കത്തിക്കയറുകയാണ്...
എൻറെ നഗ്നത നോക്കി ആ പെൺകുട്ടികൾ നോട്ടു കുറിക്കുന്നു....
തൊണ്ടയിലെ വെള്ളം വറ്റി...
ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കിലെന്നു വരെ തോന്നി...
ഇവിടെ വരാൻ തോന്നിയ നിമിഷത്തിനെ
കോടിക്കോടിത്തവണ ശപിച്ചു..
കെട്ടിയുയർത്തിയ അഹങ്കാരത്തിൻറെയും
ആത്മവിശ്വാസത്തിൻറെയും
കോട്ടകളൊന്നായി തകർന്നു വീഴുന്നത്
ഞാനറിഞ്ഞു...
ബോധക്കേടിൻറെയും ബോധത്തിൻറെയും
നൂൽപാലത്തിലൂടെ....
ആടിയുലഞ്ഞ് തളർന്നു ഞാൻ സഞ്ചരിച്ചു....
"പരിശോധന"കഴിഞ്ഞിറങ്ങിയപ്പോൾ
വെളിയിൽ നിന്ന സെമീർ ചോദിച്ചു
എങ്ങനെയുണ്ട്.... ഡോക്ടർ എന്തു പറഞ്ഞു...?
മനസ്സിലുള്ള ദേഷ്യം മുഴുവനെടുത്തൊരു
പച്ചത്തെറിയായിരുന്നു... എൻറെ മറുപടി...
പിന്നെ രണ്ടുമാസമെടുത്തു... ഞാനൊന്ന്
നോർമ്മലാവാൻ....
അടൂരുള്ളൊരു ഹോസ്പിറ്റലിൽ സർജറി നടത്തി ആ പ്രശ്നം പരിഹരിച്ചെങ്കിലും ചില നഴ്മാരെ കാണുമ്പോൾ ഇപ്പോഴുമൊരു ശങ്കയുണ്ട്....
അന്ന് ആ കൂട്ടത്തിൽ ഇവരുണ്ടായിരുന്നോ....?
ആ.... ശങ്ക ഇന്നും തുടരുന്നു....
ഷാഫി മുഹമ്മദ് റാവുത്തർ

No comments:

Post a Comment