Thursday, February 4, 2016

ഓര്‍മ്മയുടെ മരണം

ആരാ...
ആരാ..
മനസിലായില്ല....
ആയിരമഗ്നി പർവ്വതങ്ങൾ...
ഉള്ളിലൊന്നിച്ചു പൊട്ടി...

വിളിച്ചുണർത്തി
കാച്ചെണ്ണയുച്ചിയിൽ തിരുമ്മി
കുളിരുള്ള വെള്ളത്തിൽ
കുളിപ്പിച്ച അമ്മ...
മടിയിൽ കിടത്തി
മുടിയിൽ തലോടി...
പൊന്നുകൊണ്ടുപോയ
ജിന്നിൻറെ കിസ്സ പറഞുതന്ന
അമ്മ...
പെൺമക്കൾക്കുള്ളതിനേക്കാൾ
ഇത്തിരിക്കൂടുതൽ
രുചിയാർന്ന ഭക്ഷണമെനിക്കായ്
കരുതിയ അമ്മ...
കുരുത്തക്കേടിന്
ഉപ്പയെന്നെത്തല്ലുമ്പോൾ
ഇടക്കുകയറി
അവയെല്ലാമേറ്റു വാങ്ങിയ അമ്മ...
അമ്മയുടെ പൊന്നു മകനെ
അപരിചിതനെപ്പോലെ നോക്കുന്ന
മുന്നിലുണ്ടായിട്ടും
തിരിച്ചറിയാൻ കഴിയാതെ
ചിതലരിച്ച് ദ്രവിച്ച
ഓർമ്മകളുമായി...
എൻറെയമ്മ...
മറവിയുടെ ലോകം
വിശാലമാണ്....
ആരെയും തിരിച്ചറിയാനാവാതെ
സ്വന്തം ലോകത്തില്‍
പരിചിതരും അപരിചിതരായി
എല്ലാത്തിനും പുതുമ ഉള്‍ക്കൊണ്ട്‌
ഒരു കുഞ്ഞു പൈതലിന്റെ
മനസ്സോടെ നടക്കുക..
ഓര്‍മ്മകളുടെ കൈപ്പിടിയില്‍
വീഴാതെ......
എനിക്ക് വയ്യ...
ഇങ്ങനെ കരയാൻ...
എനിക്കും കൂടി
മറവിയൊരനുഗ്രഹമായി
ദെെവമേ നീ....
തന്നെങ്കിൽ....

No comments:

Post a Comment