Sunday, February 20, 2011

പ്രണയത്തിന് കണ്ണില്ല .

പ്രേമസാഹിത്യം:

പ്രേമം നിര്‍വചിക്കാന്‍ പറ്റാത്തവികാരം
വേനല്‍ പകലുകളില്‍ പാറിഎത്തുന്ന -
ശലഭങ്ങളെപോലെ
വൃശ്ചികമാസത്തിലെ കാറ്റുപോലെ
എപ്പോഴാണ് വരിക ..
എപ്പോഴാണ് പോയിമറയുക ...
തുഫ്ഫു.. ഒരു കവിത ..പാതി രാത്രീലാ..അവടെ ഒരു പ്രേമലേഖനം ..
അടുത്ത ബ്ലോഗു വായിക്കാം

പ്രേമശാസ്ത്രം:

പ്രേമം മനസ്സിന്‍റെ അന്തര്‍ഭാഗത്തുനിന്നും ഉത്ഭവിച്ച്..
നിര്‍ഗമിച്ച് .പൊട്ടിത്തെറിച്ച് ആപ്പിളുകളായി
താഴേക്ക്‌വീഴുന്ന ആഗോളപ്രതിഭാസം..
ഒരുചുക്കും മനസിലായില്ല ... ഇവളാരാ.. ഐസക് നുട്ടിയോ ..ഇനിഅടുത്ത ബ്ലോഗുവായിക്കാം

പ്രേമഗണിതം:

ഒന്നുംഒന്നും കു‌ട്ടിയാല്‍ പ്രേമത്തില്‍ഒന്ന്
അതില്‍നിന്നും ഒന്ന് പോയാല്‍ ..
അടുത്തഒന്നിനെ അയലത്തുനിന്നും
കടമെടുത്ത്‌ ശിഷ്ടകാലം ജീവിക്കുക..
എന്തായാലും ..കൊള്ളാം .. അടുത്തബ്ലോഗുകു‌ടി ഒന്ന് നോക്കാം .. .

പ്രേമരസതന്ത്രം:

രണ്ടു മുലകളെ ... ക്ഷമിക്കണം..രണ്ടു മൂലകങളെ
തമ്മില്‍ ലയിപ്പിച്ചു ശരീരത്തില്‍ ഉണ്ടാകുന്ന മെര്‍കുറി[രസം]
ടുബിലിട്ടു വളര്‍ത്തിയെടുത്ത് ഉണ്ടാക്കുന്ന ....
അടുത്ത വട്ട്..
കുറെ വളിച്ച തമാശകളുമായി ഓരോന്ന് വരും..
ഇവളുമാര്‍ക്ക് വേറെപണിയൊന്നുമില്ലേ ..വേറെ എന്തെല്ലാം വിഷയങ്ങളുണ്ട് ...അമേരിക്കയെ കുറിച്ച്,
ഇറാനെ കുറിച്ച് ,രാഷ്ട്രീയത്തെ കുറിച്ച് ,മതത്തെ കുറിച്ച്, തീവ്രവാദത്തെ കുറിച്ച് ...
വിശന്നുമരിക്കുന്ന കുഞ്ഞുങ്ങളെകുറിച്ച് ..വൃദ്ധസദനെങളെ കുറിച്ച്. എന്‍ഡോസള്‍ഫാന്‍റെ ഇരകളെകുറിച്ച്.
അതൊക്കെപോട്ടെ .. ഒരുനല്ല കവിതയെഴുതിയാല്‍ പെണ്ണെഴുത്തെന്നു പറഞ്ഞുപുശ്ചിക്കുന്നവരെ കുറിച്ച് ...അങ്ങനെ എന്തെല്ലാം വിഷയങ്ങള്‍ ..ഇവറ്റകള്‍ക്ക് എപ്പോഴും പറയാനുള്ളത് ഒരേഒരു വിഷയംമാത്രം ... പ്രേമം ..
പ്രേമം ആനയാണ് ..ചേനയാണ് ..കൂനയാണ്..പാതിരാത്രീല്‍ കുത്തിയിരുന്നു ചാറ്റ്ചെയ്യലും ചീറ്റ്ചെയ്യലും.. എന്നെ പോലെ നല്ലചെറുപ്പകാരെ..മാനസ മൈനെ..പാടിക്കാന്‍ ഓരോന്ന് ഇറങ്ങി തിരിക്കും ..

യ്യോ..നേരം പോയതറിഞ്ഞില്ല ..പത്തുമണിക്ക് വിളിക്കാമെന്നു പറഞ്ഞതാണ്..ഇപ്പോള്‍ മണിപന്ത്രണ്ട്..ഉറങ്ങി കാണുമോ ..?.. എങ്കിലും ഒന്ന് വിളിച്ചു നോക്കാം..
ഹലോ ..ബിന്ദു വല്ലേ ..? ഞാനാണ് ഷാഫി റാവുത്തര്‍......
എങ്ങനെ ... സുഖമല്ലേ ..?
എന്താണ് പറഞ്ഞത് മറന്നെന്നോ ... അങ്ങനെപറയല്ലേ ..എന്‍റെ ഭാര്യയെയും മക്കളെയും മറന്നാലും ..
എനിക്ക് നിന്നെ മറക്കാന്‍ കഴിയുമോ...?
ഞാന്‍ അവരെ കാണുന്നതിനു മുന്‍പ് നിന്നെയല്ലേ കണ്ടത്‌ ..
ഞാന്‍ ആദ്യമായി പ്രേമിച്ചതും നിന്നെയല്ലേ ..നമ്മുടെ ആ പ്രണയകാലം മറക്കാന്‍ പറ്റുമോ ..?
പ്രേമം ദിവ്യമായ ഒരു അനുഭവമല്ലേ ..പ്രേമത്തെ കുറിച്ച് പറയാത്ത കവികളുണ്ടോ..?
എന്താണ് ഭര്‍ത്താവ് വരുന്നെന്നോ ..ഓക്കേ ..നാളെ വിളിക്കാം ...ഗുഡ് നൈറ്റ്‌ .

Monday, February 22, 2010

സമാധാനത്തിനു വേണ്ടി ചോരചിന്തണം ....


ചോര ചിന്തണം
നിരപരാധികളുടെ
നിലവിളികള്‍
ഉയരണം
കുരുന്നുകളെ
ബോംബിട്ടു
കരിയ്ക്കണം....
വാരിയെല്ലുകള്‍
തെളിഞ്ഞ
നെഞ്ചിന്‍ കൂടുകള്‍
ചവിട്ടിയൊടിക്കണം
ശവങ്ങളില്‍
ചവിട്ടിനിന്നു
കാമറാ ഫ്ലാഷുകള്‍ക്ക്
ഇടയിലൂടെ
വിജയചിഹ്നം
കാട്ടണം

സംസ്കാരങ്ങള്‍
തച്ചുടയ്ക്കണം
ഭരണം
അട്ടിമറിയ്ക്കണം

ആയുധങ്ങള്‍
പരീക്ഷിക്കണം
ഗര്‍ഭപാത്രത്തിലേക്ക്,
തലമുറകളുടെ
ആയുസ്സിലേക്ക്
അവ ലക്‌ഷ്യം വെക്കണം

കമ്പോളത്തിലെ
നേതാവാകണം
ആജ്ഞാനുവര്‍ത്തികള്‍
റാന്‍മൂളി നില്‍ക്കണം

ഒരു ലോകം
ഒരു അഭിപ്രായം

അതിനു
എന്തുവില കൊടുത്തും
ഈ യുദ്ധം ജയിക്കണം

ഭീകരതയ്ക്കെതിരായ
യുദ്ധം....

Saturday, February 20, 2010

കാട്ടുകല്ലുകള്‍


മതം..
ആത്മാവ് തേടിയുള്ള
യാത്രയില്‍
എന്റെ കാലില്‍ തട്ടിയ
കാട്ടുകല്ല് ....

ആഘാതത്തില്‍
നഖം ഇളകി..
ഒരു ചോദ്യ ചിഹ്നം പോലെ
നിവരുന്നു
എന്റെ നേര്‍ക്ക്‌..

മുറിപ്പാടില്‍ ഇളംകാറ്റു
തഴുകുമ്പോള്‍
നീറ്റല്‍ പോലെ
എന്തോ ഒന്ന് ....

നിണമണിഞ്ഞ
പാദങ്ങള്‍
കാട്ടുകല്ലില്‍ നിന്നും
അകലാന്‍ വെമ്പുന്നു

ഉപരിതലത്തിലെ
സുഷിരങ്ങളില്‍
മണ്ണ് കയറി
പായല്‍ പിടിച്ചു
വഴുക്കലുള്ള
കാട്ടുകല്ല്‌

കൊടുങ്കാറ്റിലും
അനങ്ങാതെ
കാത്തിരിയ്ക്കുന്നു
നഖങ്ങളെ
മാംസത്തില്‍ നിന്നു
വേര്‍പെടുത്താന്‍ ...

ഈ യാത്ര
തുടരാന്‍
ആവുന്നില്ല
പേടിയാണെനിക്ക്

വഴിമുടക്കി
കാട്ടുകല്ലുകള്‍
ഇനിയും
കണ്ടേക്കാം....

എന്‍റെ പെങ്ങള്‍


ഒരു ഗര്‍ഭാശയത്തില്‍ നിന്നു
പുറത്തിറങ്ങിയോര്‍ ഞങ്ങള്‍
ഒന്നിച്ചു പാട്ടും പാടി
തൊടികളിലോടിച്ചാടി
ശലഭത്തെ പിടിയ്ക്കുവാന്‍
അലഞ്ഞിരുന്നു പണ്ട്

ഇന്നലെയവളെന്നോട്
പിണങ്ങി പിരിഞ്ഞു പോയ്‌
രക്തം രക്തത്തെ വെറുത്തു
മാംസം മാംസത്തെയും.

സ്നേഹം പിഞ്ചി പഴകിയ
തോര്‍ത്തു മുണ്ടാണ്
ഇഴകള്‍ അകന്ന്‌
തുള വീണ തോര്‍ത്തുമുണ്ട്.

ആ ഓട്ടയില്‍ കൂടി
നോക്കിയപ്പോള്‍
അവള്‍ എന്നോട്പറഞ്ഞു
ഇനിയെന്നുമെന്നെ
പെങ്ങളെ എന്ന് വിളിച്ചോളൂ........

പണ്ട് മുതല്‍ അവളെ ഞാന്‍
"സഖാവ് " എന്നാണു വിളിച്ചിരുന്നത്‌
എന്‍റെ ഹൃദയത്തേനില്‍
മുക്കിയെടുത്ത വാക്ക്
"സഖാവ്"

ഇന്നവള്‍ കമ്മ്യുണിസ്റ്റ്
അല്ലത്രേ...

പൂ വാലന്റെയിന്‍ (അഥവാ പരീക്കുട്ടി)

ഹല്ലോ .....
റോസ്
ലവ് യു ഡാ....
ഒത്തിരി നേരമായ് നിന്നെ ട്രൈ ചെയ്യുന്നു
എന്താ നീ ഇത്ര ബിസ്സി
ഇന്ന് ഫെബ്രുവരി പതിനാലാ....
നമ്മുടെ സ്നേഹത്തിന്റെ
ആഘോഷം...
ഇന്ന് എനിക്ക് നിന്നെ
ഒത്തിരി നേരം കെട്ടിപ്പിടിച്ചു ഇരിയ്ക്കണം...
കടല്‍ക്കരയില്‍ ഇരുന്നു സ്വപ്നം കാണണം...
നിനക്ക് അറിയാമോ മോളു....
എന്നും ഉറങ്ങുന്നതിനു മുന്‍പ്
നിന്‍റെ ഫോട്ടോയില്‍ ഉമ്മ കൊടുത്താലേ
എനിക്ക് സമാധാനം കിട്ടത്തൊള്ളൂ....
നീയില്ലാതെ ഞാന്‍ ജീവിക്കില്ല
സത്യം
പറ മോളു ഇന്ന് എവിടെയാ നമ്മള്‍ പോകുന്നത് ....
ബീച്ചില്‍...,പാര്ക്കില് ....കോഫീ ഷോപ്പില്
പറയ് കുട്ടാ...നിന്‍റെ ഇഷ്ടം....

സോറി എനിക്ക് ഇഷ്ടല്ല നിന്‍റെയീ പാര്‍ക്കും ബീച്ചും ഒന്നും
ചീപ്.. വെരി ചീപ് ...
എനിക്ക് വേറെ ഒത്തിരി ഓഫര്‍ വന്നിട്ടുണ്ട്...
മനു വിളിച്ചു താജില്‍ ആഘോഷിക്കാന്ന്.....
അവിടെ ഡാന്‍സും ഷാമ്പെയിനും ഒക്കെ ഉണ്ടത്രേ ...
അടിച്ചു പൊളിയ്ക്കാം
ഡാ മനു പറയുവാ എന്റെ കണ്ണില്‍ നോക്കിയിരിയ്ക്കാന്‍ നല്ല രസ്സാന്നു
നിനക്ക് വിഷമം തോന്നരുത് ...
എന്റെ സങ്കല്‍പ്പവുമായി നീ പൊരുത്തപ്പെടുന്നില്ല
രണ്ടു വര്‍ഷമായില്ലേ...നമ്മള്‍ ഇപ്പോള്‍...
നമുക്ക് പിരിയാം
എന്നെ നീ ഒരു സഹോദരിയായി കാണണം..
നിനക്ക് എന്നോട് പിണക്കമില്ലല്ലോ ..
ഇന്ന് ഞങ്ങള്‍ നിനക്ക് വേണ്ടി ഷാമ്പയിന്‍ പൊട്ടിയ്ക്കാം
ഒക്കെ....ഡാ...ഗുഡ് ബൈ.....

Tuesday, January 19, 2010

എന്നാലും എന്‍റെ സാറേ......!!!!!!!!!!!!

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലാണ്‌ ഞാന്‍ ഒരു പാരലല്‍ കോളേജില്‍ ട്യൂഷന് പോകുന്നത്
എന്‍റെ ബന്ധുവായ എസ്.ഷാജഹാന്‍ നടത്തുന്ന വിദ്യ അക്കാദമിയില്‍ ആണ് ട്യൂഷന്‍.
വെക്കേഷന്‍ ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ഏതാണ്ട് നാലോളം ട്യൂഷന്‍ സെന്റര്‍കാര്‍
വീട്ടില്‍ വന്നു "ക്യാന്‍വാസ്" എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന "പുള്ളാരെപ്പിടുത്തം"
തുടങ്ങിയിരുന്നു. ഓരോരുത്തരും എതിര്‍ സ്ഥാപനങ്ങളെപ്പറ്റി വായില്‍ കൊള്ളാത്തത്ര അപവാദങ്ങള്‍
പറഞ്ഞാണ് ആളെക്കൂട്ടുന്നത്.
മദ്യപാനം,കഞ്ചാവ് ,പെണ്‍വാണിഭം,മോഷണം,തുടങ്ങി ഇന്ത്യന്‍ പീനല്‍ കോഡില്‍ പറഞ്ഞിട്ടുള്ളതും ഇല്ലാത്തതുമായ
അനേകം കുറ്റങ്ങള്‍ ഇക്കൂട്ടര്‍ ആരോപിക്കും അങ്ങനെയൊരു മഹായുദ്ധം കഴിഞ്ഞു
വെക്കേഷന്‍ ക്ലാസ് തുടങ്ങി ,അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളെ ഒന്നിച്ചു ഇരുത്തിയാണ്‌ പഠിപ്പിച്ചു തുടങ്ങിയത്
ഇടവേളകളില്‍ പ്രിന്‍സിപ്പല്‍ വന്നു അയലത്ത് വീട്ടിലെ കുട്ടികളെ ക്ലാസ്സില്‍ എത്തിക്കാനുള്ള സൂത്രങ്ങള്‍
പറഞ്ഞുതരും ഉച്ചവരെ ക്ലാസ് നല്ല രസമായിരുന്നു അന്ന്.
ഒരു ദിവസം മലയാളം ക്ലാസ്സിലെ അധ്യാപകന്‍ വന്നില്ല പകരം ഷാജഹാന്‍ സാര്‍ കയറി
ഹിസ്റ്ററിയാണ് ഏറ്റവും മികച്ചതെന്നും എല്ലാവര്ക്കും എന്തും പഠിപ്പിക്കാം പക്ഷെ ഹിസ്റ്ററി പറ്റില്ല
എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു കവിത പഠിപ്പിക്കാന്‍ തുടങ്ങി....
പുസ്തകമെടുത്തു ഈണത്തില്‍ ചൊല്ലി...

"റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്കവേലകണ്ടോ...
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍തിരകണ്ടു കപ്പല്‍ കണ്ടു"

ഇതാണ് കവിത
ഒരു മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ കവിത ചൊല്ലി തീര്‍ത്ത ശേഷം
സാര്‍ അര്‍ഥം വിശദീകരിക്കാന്‍ തുടങ്ങി...

എല്ലാവരും ശ്രദ്ധിക്കൂ.
റാകിപ്പറക്കുന്ന ചെമ്പരുന്തേ .....
റാകി ; വട്ടമിട്ട്
പറക്കുന്ന ചെമ്പരുന്തേ
ചെമന്ന പരുന്തേ....
അടുത്തവരിയെന്താണ് .....? നോക്കൂ....
നീയുണ്ടോ മാമാങ്കവേലകണ്ടോ....?
നീയുണ്ടോ,
നീ ചോറുണ്ടോ.....?
മാമാങ്കവേലകണ്ടോ,
ആരാണ് മാമന്‍ .....?
അമ്മാവന്‍.....
മാ മങ്ക......എന്നാല്‍...?
മങ്ക =സ്ത്രീ
മാ മങ്ക ........?
സാര്‍ കുട്ടികള്‍ക്കിടയിലേക്ക് ഒരു ചോദ്യം എറിഞ്ഞു കൊടുത്തു.
ആചോദ്യം ഞാന്‍ ഏണിവച്ച് കയറിപ്പിടിച്ച് ഉത്തരം പറഞ്ഞു...
"അമ്മാവന്റെ ഭാര്യ"
യെസ്......കറക്റ്റ് അമ്മാവന്റെ ഭാര്യ എന്നാല്‍ അമ്മാവി...
സാര്‍ എന്നെ അഭിനന്ദിച്ചു,അതുകേട്ടു ഞാനൊന്ന് ബഞ്ചില്‍ ഇളകിയിരുന്നു
അപ്പുറത്തിരുന്ന ശാലിനിയെ സൈറ്റടിച്ച് കാണിച്ചു.
അമ്മാവിയുടെ എന്ത് കണ്ടോന്നാ.........?
ഇത് പറഞ്ഞതും ചോക്ക് കഷ്ണം എടുത്തു എന്‍റെ തലയിലെറിഞ്ഞതും
ഒരുമിച്ചായിരുന്നു....
കുട്ടികളൊക്കെ ചിരിക്കുന്നു ,എനിക്കപ്പോള്‍ കാര്യം വ്യക്തമായി.....
ശാലിനിയെ സൈറ്റടിച്ചതു സാര്‍ കണ്ടുപിടിച്ചു.....
ചാടി എഴുന്നേറ്റു ഞാന്‍ പറഞ്ഞു :
വേല ......അമ്മാവിയുടെ വേല.
ആ ശരി, ഇരി.....
സാര്‍ പാടഭാഗത്തെക്ക് കടന്നു.
ഇനി ഒരു കാര്യം അറിയാമോ....?
നമ്മുടെ കവിയുടെ അമ്മാവിക്കു വേലയായിരുന്നു, വേലയെന്നാല്‍ വീട്ടുവേല .
ആ ..... അടുത്ത വരി നോക്കൂ....
വേലയും കണ്ടു വിളക്കും കണ്ടു....
അമ്മാവിയുടെ വീട്ടുവേല അതി ദയനീയമായിരുന്നു....
ആ ദുഃഖ കരമായ വേലയും കവി കണ്ടു ,
അവര്‍ വിളക്ക് താങ്ങിപ്പിടിച്ചു കൊണ്ട് വരുന്നതും കവി കണ്ടു....
അങ്ങനെയുള്ള ദുഃഖം .....
ആ അതിഭയങ്കരമായ വേദന സഹിക്കവെയ്യാതെ കവി കടല്‍തീരത്തു പോയി....
അപ്പോള്‍ .........?
അപ്പോഴെന്തു കണ്ടു കവി......?
വലിയ ചൂരല്‍ ഡസ്കില്‍ അടിച്ചുകൊണ്ട് ഉറക്കെയായിരുന്നു സാറിന്റെ ചോദ്യം....
കുട്ടികള്‍ എല്ലാം ഒരേ സ്വരത്തില്‍ അലറിപ്പറഞ്ഞു....
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു.....




അനന്തരം....
ആ വര്‍ഷം ഓണപ്പരീക്ഷക്ക് ഞാന്‍ ആദ്യമായി സാമൂഹ്യ പാഠത്തിനും
മലയാളത്തിനും ഉജ്ജ്വലമായി തോറ്റു..!!!!!!!!!!!
ശുഭം (പണ്ടാരമടങ്ങി)

Friday, January 15, 2010

തൊളസീ........... കൊട എടുത്തില്ല അല്ലേ.............?


അന്ന് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.....
സ്കൂളിലേക്ക് പോകു വഴിയില്‍ എന്നും അവളെ കാണുമായിരുന്നു
കണ്ടു കണ്ട് എനിക്ക് അവളോട്‌ എന്തോ ഒരിത്.....!!!!!!!!
ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍ അവള്‍.....
പഠിക്കുമ്പോള്‍ പുസ്തകത്തില്‍ അവള്‍.......
ഒന്നിലും ശ്രദ്ദിക്കാന്‍ കഴിയുന്നില്ല........
എവിടെയും എപ്പോഴും അവള്‍..........
മാസം രണ്ടു കഴിഞ്ഞു.....
എന്‍റെ ഇഷ്ടം അവളോട്‌ ഇതുവരെ ഞാന്‍ പറഞ്ഞില്ല....
എന്‍റെ ബഞ്ചിലെ ശങ്കരനോടും ,തങ്കരാജിനോടും,ജോസഫ് പി.കെ യോടും...
ഞാന്‍ ചോദിച്ചു....... എന്തുചെയ്യണം......?
ഉപ്പയുടെ പോക്കറ്റില്‍ നിന്നും ഓസിയ രണ്ടു രൂപയ്ക്ക്
വാങ്ങിയ പ്യാരീസ് മിടായിയുടെ ബലത്തില്‍.....
അവസാനം പദ്ധതി ഉരുത്തിരിഞ്ഞു........
ഞാന്‍ അവളോട്‌ നേരിട്ട് സംസാരിക്കണം
പ്രേമം നേരിട്ട് പറയാത്തവന്‍ ആണ് അല്ലെന്നുപോലും.......
തങ്കരാജിന്റെ കണ്ടെത്തല്‍.(കാലന്‍....! അവനു സ്മിത ബിയെ പ്രേമിക്കാന്‍
പാതിരാത്രിയില്‍ കുത്തിയിരുന്നു കത്തെഴുതിക്കൊട്തവനാണ് ഈ ഞാന്‍)
ഞാനൊന്നും മിണ്ടിയില്ല ആവശ്യക്കാരന്‍ ഞാനായിപ്പോയില്ലേ
ആശാ അക്കാദമിയിലെ ടുഷന്‍ ക്ലാസ്സ്‌ കഴിഞ്ഞു അവള്‍ അമ്പലത്തിനടുത്തുള്ള
വഴിയിലൂടെ വരുമ്പോള്‍ നേരിട്ട് കാര്യം പറയണം.
"എനിക്ക് നിന്നെ ഇഷ്ടമാണെന്ന്"
പലതവണ ചര്‍ച്ച
ചെയ്തു അന്തിമ രൂപരേഖ തയ്യാറായി.....
**************************************************************
നട്ടുച്ച.... ഒടുക്കത്തെ വെയില്‍.....
അവളെയും കാത്തുള്ള നില്‍പ്പ് തുടങ്ങിയിട്ട് ഒന്നര മണിക്കൂര്‍ ആകുന്നു....
ദാഹിച്ചു വലഞ്ഞു അവള്‍ വരാനുള്ള സമയം അടുക്കുന്തോറും മനസ്സില്‍ തീ നിറയുന്നു
കയ്കാലുകള്‍ തളരുന്നു.... തൊണ്ട വരളുന്നു.
മനസ്സില്‍
പലവട്ടം പറയേണ്ട ഡയലോഗുകള്‍ കാണാതെ പഠിച്ചു....
മരിച്ചു പോയ പൂര്‍വികരോട് മനശക്തി തരുവാന്‍ അപേക്ഷിച്ചു
മസ്സില് പിടിച്ചു നിന്നു
അതാ അവള്‍ വരുന്നു.. കുറ്റിക്കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്ന
കൂട്ടുകാര്‍ വിളിച്ചു പറഞ്ഞു....പോടാ...
പോയി പറയ് നിന്‍റെ ആണത്തം തെളിയിക്ക്
ഞാന്‍ രണ്ടും കല്‍പ്പിച്ചു അവളുടെ അടുത്തേക്ക്‌ നടന്നു...
എന്നെ കണ്ട് അവള്‍ ചിരിച്ചു.....ഞാനും ചിരിച്ചു.
പാടത്ത് എള്ള് പൂത്തു നില്‍ക്കുന്ന പോലെ....
എന്തും വരട്ടെ എന്ന് മനസ്സില്‍ ഉറച്ചു ഞാന്‍ കാര്യം പറയാന്‍ തീരുമാനിച്ചു..
"തൊളസീ........... കൊട എടുത്തില്ല അല്ലേ.............
ഭയങ്കരവെയിലാ......... കറത്ത് പോകും......"

മറുപടിയായി അവള്‍ ചിരിച്ചു കൊണ്ട് എന്നെ കടന്നു പോയി.
തങ്കരാജിനും,ജോസഫിനും,കാര്യങ്ങള്‍ ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ ചരി കണ്ട്
വിജയിച്ചു എന്ന് മനസ്സിലായി.
ഒരു നിമിഷം കൊണ്ട് അവരുടെ ഇടയില്‍ ഞാനൊരു ഹീറോ ആയി മാറി....
****************************************
***************************
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു... തങ്കരാജ് പട്ടാളത്തില്‍,ജോസഫ് ഗള്‍ഫില്‍,ശങ്കരന്‍ ബിസിനസ്‌മായി കഴിയുന്നു.
ഇപ്പോഴും ഏതെങ്കിലും പെണ്ണിനെ പരിചയപ്പെടണമെങ്കില്‍..അവന്മാര്‍ എന്നോട് ഉപദേശം ചോദിക്കും....
അളിയാ.....എങ്ങനാടാ....അത്.....?

ഞാന്‍ ചിരിക്കും...എന്നിട്ട് ആദിവസം ഓര്‍ക്കും.....
"തൊളസീ........... കൊട എടുത്തില്ല അല്ലേ.............
ഭയങ്കരവെയിലാ......... കറത്ത് പോകും......"