വിതുമ്പുന്ന മർത്യന്നിതാ
ക്ഷേത്രഹർമ്യം
സ്തുതിക്കുന്നു ശ്ലോകം
വെറുക്കുന്നു തമ്മിൽ
ഒരേ ദൈവതത്താൽ
ചിരം വൈരമായോർ!
രഥം പാഞ്ഞു,യുദ്ധം
ഹനിച്ചെത്ര ജീവൻ
അധോചിന്തമാത്രം
ജയിക്കുന്നു വീണ്ടും
ദിനേയഞ്ചുനേരം
നിലം കുമ്പിടുന്നോർ-
ക്കരുൾ ബാങ്കു
നാദം പരത്തും മിനാരം
തകർത്തങ്ങുതീർത്തി
ട്ടടിക്കല്ലുതോണ്ടി-
ക്കളഞ്ഞിട്ടു ദൈവം
സ്വരൂപത്തിലാളാൻ!
അസത്യപ്പെരുക്ക-
ങ്ങളൊട്ടേറെനീർത്തി
ഇരുട്ടിൽ വെറുപ്പി-
ന്നിരുൾ ധൂമകർമ്മം
മദച്ചൂരിനൂറ്റം മുഴക്കുന്ന
കൂട്ടർക്കിതാ-
ണൊറ്റരുന്നം
മതത്തിന്റെ നേട്ടം
പരപ്രേമസൂക്തം
പൊഴിക്കുന്ന വേദം
മൊഴിഞ്ഞിട്ടുയിർ
ചീന്തിയേറ്റുന്നു ഭക്തി
ഒഴുക്കുന്ന ചോരയ്‌ക്കിര,
നൂറു ജീവൻ
തിളങ്ങുന്ന വാളാൽ
ജയിക്കുന്ന ദേവാ
അനീതിയ്ക്കുമീതേ
കരിങ്കല്ലടുക്കി
നിനക്കായിരിക്കാ-
നിടം വെട്ടി നേടി
പച്ചയ്ക്കരിഞ്ഞിട്ടു
കത്തിച്ചെറിഞ്ഞും
കബന്ധങ്ങളേറെ-
ത്തുലാഭാരനേദ്യം
ഉടവാളിനറ്റത്തു-
ടൽച്ഛേദമേറി
നിണധാരയേറ്റം
നിറവോടൊഴുക്കി
ശവക്കച്ചപോലും
കരയുന്ന കാലം
ഒരേ സോദരങ്ങൾ
നയിക്കുന്നു യുദ്ധം
മതപ്പാടു തീണ്ടാത്തവർ
നീളെ നാളിൽ
പുണർന്നങ്ങു നില്പൂ
മനുഷ്യത്വമോടെ
പശിക്കാലമാറ്റാ-
നിരുൾതൂത്തകറ്റാ-
നൊടുങ്ങാപ്രയത്നം
നടത്തുന്നനിസ്വർ
അരക്കെട്ടുവിറ്റി-
ട്ടശിക്കാനൊരുക്കാൻ
മുഴുക്കാമവമ്പിൻ
നുകം തേടുമമ്മ
ചെരുപ്പിന്റെ വാറിൽ
തിളക്കംപെരുക്കി-
ക്കിടയ്ക്കുന്നതുട്ടിന്ന-
ടുപ്പൊന്നെരിക്കാം
കുതിയ്ക്കുന്ന റിക്ഷ,-
ച്ചവിട്ടിക്കിതയ്ക്കും
കറങ്ങുന്ന ചക്രം
നിലയ്ക്കാതെ പായും
ധനം തിന്നു നിത്യം
വിസർജ്ജിച്ചു കൂട്ടും
ധനാഢ്യർക്കുനോട്ടം
ഷെയർ രേഖയേറ്റം
പണത്തിൻ പുരങ്ങൾ
ക്ഷയിക്കാതിരിക്കാൻ
വണങ്ങുന്ന മൂർത്തി-
യ്ക്കിരക്കുന്നു തോട്ടി!
അമേധ്യക്കയങ്ങൾ
നിറഞ്ഞാലവർതൻ
സമാധാനമാകും
വിശപ്പെന്ന സത്യം!
പെരും ചേരിയോരത്തിണ
ചേർന്നു മോഹം
കൊരുക്കുന്നൊരിന്ത്യൻ
ദരിദ്രന്റെ തേട്ടം
അടുത്തൊന്നുനേരം
പുലരുന്ന നേര-
ത്തുദരം കരയാ-
തിരിക്കാനുപായം
വിശപ്പിന്നുമുന്നിൽ
മതം ക്ഷിപ്രശൂന്യം
അരിച്ചാക്കു തന്നെ
ദരിദ്രന്റെ ദൈവം...
■ഷാഫിക്കവിതകൾ

No comments:
Post a Comment